Tue. Nov 5th, 2024
കാണ്‍പുര്‍:

പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടി വീണ പടവുകള്‍ പൊളിച്ചു പണിയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിലെ പടവുകളാണ് പൊളിച്ചുപണിയുന്നത്. പടവുകള്‍ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടി വീഴുന്നതിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുനര്‍നിര്‍മ്മാണം.

കഴിഞ്ഞ ആഴ്ചയിലാണ് ഗംഗാനദിയിലെ ജലത്തിന്‍റെ ശുദ്ധി പരിശോധിക്കുന്നതിനായുള്ള ജലയാത്രയ്ക്കു ശേഷം മടങ്ങുന്നതിനിടെ മോദി പടിക്കെട്ടിൽ തട്ടിവീണത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം അപകടം സംഭവിച്ചില്ല. വീഴ്ചയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും, മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

https://twitter.com/TweetsOfSunil/status/1205824124523696129
അടല്‍ ഘട്ടിലെ ബോട്ട് ക്ലബ്ബിലേയ്ക്കുള്ള വഴിയിലാണ് ഈ പടവുകളുള്ളത്. നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ആണ് അടല്‍ ഘട്ട് പദ്ധതി നടപ്പാക്കിയത്. പടവുകള്‍, ശ്മശാനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി.

“പടവുകളില്‍ ഒന്നിന് മറ്റൊന്നിനെ അപേക്ഷിച്ച് ഉയരത്തില്‍ വ്യത്യാസമുണ്ട്. ഇതാണ് പ്രധാനമന്ത്രി വീഴുന്നതിന് ഇടയാക്കിയത്. നിരവധി പേര്‍ ഈ പടവിന്‍റെ നിര്‍മാണ പിഴവ് മൂലം നേരത്തെയും വീണിരുന്നു. ഈ പടവ് പൊളിച്ചുമാറ്റി, മറ്റുള്ളവയ്ക്കു സമാനമായ രീതിയില്‍ പുനര്‍നിര്‍മിക്കും” ഡിവിഷണല്‍ കമ്മീഷണര്‍ സുധീര്‍ എം ബോബ്‌ഡെ പറഞ്ഞു.

എന്നാല്‍, പടവുകള്‍ക്കിടയില്‍ ഇരിക്കുന്നതിനും ആരതി നടത്തുന്നതിനും അല്‍പം സ്ഥലം ലഭ്യമാക്കണമെന്ന, ഭക്തരുടെ ആവശ്യപ്രകാരമാണ് പടവുകളില്‍ ഒന്ന് വ്യത്യസ്തമായ ഉയരത്തില്‍ നിര്‍മിച്ചതെന്ന് നിര്‍മാണ കമ്പനി വ്യക്തമാക്കി. ആവശ്യമെങ്കില്‍ പടവുകള്‍ പൊളിച്ചു പണിയാൻ തയ്യാറാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.