Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

കവി വി മധുസൂദനന്‍ നായര്‍ക്കും, ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘അച്ഛന്‍ പിറന്ന വീട്’ എന്ന കൃതിക്കാണ് മധുസൂദനന്‍ നായര്‍ അവാര്‍ഡിനര്‍ഹനായത്. ഇംഗ്ലീഷ് വിഭാഗത്തില്‍ ‘ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്’ എന്ന നോണ്‍ ഫിക്ഷന്‍ പുസ്തകത്തിനാണ് ശശി തരൂരിന് പുരസ്കാരം ലഭിച്ചത്.

ഡല്‍ഹിയില്‍ നടക്കുന്ന സാഹിത്യ അക്കാദമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ വെച്ച് ഫെബ്രുവരി 25നാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

23 ഭാഷകളിലെ പുരസ്‌കാരമാണ് സാഹിത്യ അക്കാദമി പ്രഖ്യാപിച്ചത്. ഹിന്ദി സാഹിത്യകാരന്‍ നന്ദ കിഷോര്‍ ആചാര്യ, ബംഗാളി എഴുത്തുകാരന്‍ ചിന്മോയ് ഗുഹ, തമിഴില്‍ നിന്ന് ചോ. ദര്‍മന്‍, തെലുങ്ക് സാഹിത്യകാരന്‍ ബണ്ടി നാരായണ സ്വാമി തുടങ്ങിയവരും പുരസ്കാരത്തിനര്‍ഹരായി.

മലയാളവിഭാഗത്തില്‍ പുരസ്‌കാരം നിശ്ചയിച്ചത് ഡോ ചന്ദ്രമതി, എന്‍എസ് മാധവന്‍, പ്രൊഫസര്‍ എം തോമസ് മാത്യു എന്നിവരടങ്ങിയ ജൂറിയാണ്. ഡോ. ജിഎന്‍ ദേവി, പ്രൊഫ. കെ സച്ചിദാനന്ദന്‍, പ്രൊഫ. സുഗന്ധ ചൗധരി എന്നിവരാണ് ഇംഗ്ലീഷ് വിഭാഗത്തില്‍ പുരസ്കാരം നിശ്ചയിച്ച ജ്യൂറിയിലുണ്ടായിരുന്നത്.