Sat. Apr 20th, 2024
കൊച്ചി:

കേരളത്തിലെ യുവാക്കളുടെ ഹരമായ വടംവലി പ്രമേയമാക്കി ഒരുങ്ങുന്ന ‘ആഹാ’  എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിബിന്‍ പോളാണ്. യഥാര്‍ത്ഥ സംഭവകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

കോട്ടയം നീളൂരിലെ ‘ആഹാ’ കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വടംവലി ടീമുകളില്‍ ഒന്നാണ്. തൊണ്ണൂറുകളില്‍ സ്ഥാപിതമായ ‘ആഹാ’ ടീം അതുവരെ പങ്കെടുത്ത 73 മത്സരങ്ങളില്‍ 72 എണ്ണത്തിലും വിജയിച്ച ടീമാണ്. വടംവലി എന്ന കായിക വിനോദത്തെ കൂടുതല്‍ ജനകീയമാക്കിയതും ‘ആഹാ’ യായിരുന്നു. ഈ വിജയകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എഡിറ്റര്‍ കൂടിയായ  ബിബിന്‍ പോള്‍ ‘ആഹ’യെ വീണ്ടും വെള്ളിത്തിരയിലേക്കെത്തിക്കുന്നത്.

തോബിത് ചിറയത്താണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ഇന്ദ്രജിത്തിനൊപ്പം അമിത് ചക്കാലക്കല്‍, മനോജ് കെ ജയന്‍, അശ്വിന്‍ കുമാര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. ശാന്തി ബാലചന്ദ്രനാണ് നായിക.

സാസാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം അബ്രഹാം ആണ് സിനിമ  നിര്‍മ്മിക്കുന്നത്. ഗായിക സയനോരാ ഫിലിപ്പാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനഘട്ടത്തിലാണ്.

By Binsha Das

Digital Journalist at Woke Malayalam