Fri. Nov 22nd, 2024

കൊല്‍ക്കത്ത:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ മറ്റൊരു പതിപ്പിന് തയ്യാറെടുക്കയാണ് ക്രിക്കറ്റ് ലോകം. 2020ലെ പുതിയ സീസണില്‍ ആരൊക്കെ തങ്ങളുടെ ടീമില്‍ ഇടംപിടിക്കുമെന്ന ആരാധകരുടെ ആകാംക്ഷയ്ക്കും നാളെ തിരശ്ശീല വീഴും. ഐപിഎല്ലിന്‍റെ താരലേലത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ലേലപട്ടികയില്‍ നിരവധി താരങ്ങളാണുള്ളത്.

കൊല്‍ക്കത്തയില്‍ നാളെ നടക്കുന്ന താരലേലത്തില്‍ മൊത്തം 332 കളിക്കാരാണ് വില്‍പ്പനയ്ക്കുള്ളത്. എന്നാല്‍ 73 താരങ്ങളെ മാത്രമെ എട്ടു ഫ്രാഞ്ചസികള്‍ക്കും കൂടി വാങ്ങാന്‍ സാധിക്കുകയുള്ളു.

മുതിർന്ന താരം റോബിൻ ഉത്തപ്പ മുതൽ അണ്ടർ 19 താരം യശസ്വി ജയ്സ്വാൾ വരെ നിരവധി പ്രമുഖ ഇന്ത്യക്കാരാണ് ലേലപട്ടികയിലുള്ളത്. റോബിന്‍ ഉത്തപ്പയാണ്  ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ താരം.

കൊല്‍ക്കത്ത റിലീസ് ചെയ്ത ആക്രമണ ബാറ്റിങ്ങിൽ വിശ്വസ്തനായ ഉത്തപ്പയെ ലക്ഷ്യമിട്ട് ഇത്തവണ നിരവധി ടീമുകൾ രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.5 കോടി രൂപയാണ് താരത്തിന്റെ അടിസ്ഥാന മൂല്യം. റോബിന്‍ ഉത്തപ്പയാണ് ഏറ്റവും കൂടുതല്‍ അടിസ്ഥാനവിലയിട്ടിട്ടുള്ള ഇന്ത്യന്‍ താരം.

അതേസമയം, രണ്ട് കോടി അടിസ്ഥാന മൂല്യമുള്ള ഇന്ത്യന്‍ താരങ്ങളില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കാണ് ആധിപത്യമുള്ളത്. പാറ്റ് കമ്മിന്‍സ്, ക്രിസ് ലിന്‍, ജോഷ് ഹാസല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വല്‍ എന്നീ താരങ്ങള്‍ക്ക് അടിസ്ഥാനവിലയായ രണ്ട് കോടിയുണ്ട്.

By Binsha Das

Digital Journalist at Woke Malayalam