Sun. Dec 22nd, 2024
ന്യൂഡല്‍ഹി:

നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ പ്രതികളില്‍ ഒരാളായ അക്ഷയ് സിങ്ങിന്‍റെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പിന്മാറി. തന്‍റെ കുടുംബാംഗമായ ഒരു അഭിഭാഷകന്‍ ഇരയുടെ കുടുംബത്തിനു വേണ്ടി ഹാജരാകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പിന്മാറിയത്.

ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ഇന്ന് ഹര്‍ജി പരിഗണിക്കാനിരുന്നത്. ചീഫ് ജസ്റ്റിസ് പിന്മാറിയ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കും.

2012 ഡിസംബര്‍ 16നു രാത്രിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. ക്രൂര മര്‍ദ്ദനത്തിന് വിധേയയായതിനാല്‍  ചികിത്സയിലിരിക്കെ സിംഗപ്പൂരില്‍ വച്ച് പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരെ കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കി.

പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവുശിക്ഷയും, മറ്റു പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവര്‍ ഗുപ്ത (22) എന്നിവര്‍ക്ക് സുപ്രീം കോടതി വധശിക്ഷയും വിധിച്ചു. മൂന്നു പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍  സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.