Mon. Nov 18th, 2024

ന്യൂഡല്‍ഹി:

ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ രണ്‍വീര്‍ സിങ്-ആലിയ ഭട്ട് ചിത്രം ‘ഗല്ലി ബോയ്ക്ക്’ വിദേശചിത്രങ്ങളോടൊപ്പം മത്സരിക്കാന്‍ കഴിഞ്ഞില്ല. ഓസ്കാര്‍ ലഭിക്കുമെന്ന് പ്രീക്ഷയുള്ള പത്ത് മികച്ച വിദേശ ചിത്രങ്ങളുടെ അന്തിമ പട്ടികയില്‍ ഗല്ലിബോയ് ഇടം പിടിച്ചില്ല.

സോയാ അക്തര്‍ സംവിധാനം ചെയ്ത ചിത്രം മുംബൈയിലെ സ്ട്രീറ്റ് റാപ്പര്‍ ഡിവൈനിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. മികച്ച വിദേശ ഭാഷ ചിത്രത്തിനായി 92-ാമത് അക്കാദമി അവാര്‍ഡില്‍ ആണ്  ഗല്ലി ബോയിയും മത്സരിക്കുന്നത്.

ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം നിരൂപക പ്രശംസയും, പ്രേക്ഷക സ്വീകാര്യതയും ഒരുപോലെ നേടിയിരുന്നു. സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന മുറാദ് അഹമ്മദ് എന്ന കഥാപാത്രത്തെയാണ് രണ്‍വീര്‍ സിംഗ് അവതരിപ്പിച്ചത്.

മെഡിക്കല്‍ വിദ്യാര്‍ഥി സഫീന ഫിര്‍ദൗസിയായാണ് ആലിയ ഭട്ട് എത്തിയത്. മുറാദ് എന്ന റാപ്പറായുള്ള രണ്‍വീറിന്റെ പ്രകടനം ഏറെ പ്രശംസ നേടിയതായിരുന്നു. ആലിയ ഭട്ടിന്‍റെ കഥാപാത്രത്തിനും നിറഞ്ഞ കെെയ്യടി കിട്ടിയിരുന്നു.

ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം.238 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

By Binsha Das

Digital Journalist at Woke Malayalam