Sat. Apr 26th, 2025

ചെന്നെെ:

‘കൊടി’ എന്ന ചിത്രത്തിന് ശേഷം ആർ.എസ്.ദുരൈ സെന്തിൽകുമാറും ധനുഷും ഒന്നിക്കുന്ന ‘പട്ടാസ്’ 2020 ജനുവരി 16ന് തീയേറ്ററുകളിലെത്തും. സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്.

ആക്ഷന്‍ എന്‍റെര്‍ടെയ്നര്‍ കാറ്റഗറിയില്‍പ്പെട്ട പട്ടാസില്‍ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. അച്ഛനായും മകനായുമാണ് ധനുഷ് അഭിനയിക്കുന്നത്. സ്നേഹയും തെലുങ്ക് നടി മെഹ്റീൻ പിർസദയുമാണ് ചിത്രത്തിലെ നായികമാർ.

നവീൻ ചന്ദ്ര, നാസർ, മുനിഷ്‌കാന്ത്, സതീഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറിൽ സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമാണം.

മാരി, അനേഗൻ, മാരി 2  എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഓം പ്രകാശ് ആണ് പട്ടാസിന്‍റെ ക്യാമറാമാന്‍.

ധനുഷ് രചന നിര്‍വഹിച്ച് ആലപിച്ച ചിത്രത്തിലെ ‘ചിൽ ബ്രോ’ എന്ന ലിറിക്കല്‍ വീഡിയോ  ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഗാനത്തിന് ലഭിച്ചത്.

 

 

By Binsha Das

Digital Journalist at Woke Malayalam