Fri. Nov 22nd, 2024
ന്യൂ ഡല്‍ഹി:

ഉന്നവോ ബലാത്സംഗ കേസില്‍ മുഖ്യപ്രതിയായ, മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി. ഡല്‍ഹിയിലെ തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ വിധി പ്രസ്താവിച്ചത്. വ്യാഴാഴ്ചയാണ് ശിക്ഷ പ്രഖ്യാപിക്കുക.

സെന്‍ഗറിന്‍റെ ബന്ധുവും കൂട്ടുപ്രതിയുമായ ശശി സിങ്ങിന് സംശയത്തിന്‍റെ ആനുകൂല്യം നല്‍കുന്നതായും ജഡ്ജി വ്യക്തമാക്കി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി സെന്‍ഗറിനെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായും, പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നതിന് കാര്യപ്രാപ്തിയും വൈദഗ്ധ്യവുമുള്ളവര്‍ ഇന്ത്യയില്‍ കുറവാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് പീഡനത്തിനിരയായ യുവതി പരാതി നല്‍കാന്‍ വൈകിയത് എന്ന കാര്യം വ്യക്തമല്ലെന്നും കോടതി പറ‍ഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കുല്‍ദീപ് സെന്‍ഗറിനെതിരായ കേസ്. ഒന്‍പത് പ്രതികളാണ് കേസിലുണ്ടായിരുന്നത്. എന്നാല്‍, മറ്റു പ്രതികളുടെ കാര്യത്തില്‍ വിധി പ്രസ്താവം ഉണ്ടായിട്ടില്ല.

സെന്‍ഗറിനെതിരെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പോലീസ് കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം ദേശീയ തലത്തില്‍ വാര്‍ത്തയാകുകയും വലിയ വിവാദത്തിന് ഇടയാക്കുകയും ചെയ്തത്.

സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഉന്നാവോയില്‍നിന്ന് ഡല്‍ഹിയിലെ അതിവേഗ കോടതിയിലേക്ക് കേസിന്‍റെ വിചാരണ മാറ്റിയത്. 2019 ജൂലായില്‍ യുവതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച് ബന്ധുക്കളായ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് രക്ഷപ്പെട്ടത്.