Fri. Nov 22nd, 2024
തിരുവനന്തപുരം:

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും, സംഘടനകള്‍ ഹർത്താലില്‍നിന്ന് പിൻമാറണമെന്നും ഡിജിപി ലോക്നാഥ് ബഹ്റ.

ഹൈക്കോടതി ഉത്തരവ് പ്രകാരം ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴു ദിവസങ്ങള്‍ക്ക് മുമ്പ് കോടതിയില്‍ നോട്ടീസ് നല്‍കണം. നാളെ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തിട്ടുള്ള സംഘടനകള്‍ ഹൈക്കോടതിയില്‍ നോട്ടീസ് നല്‍കാത്തതിനാല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമണെന്ന് ഡിജിപി വ്യക്തമാക്കി.

ഹർത്താലിൽ നാശനഷ്ടമുണ്ടായാൽ ഉത്തരവാദിത്തം സംഘടനകളുടെ ജില്ലാ–സംസ്ഥാന നേതാക്കൾക്കായിരിക്കുമെന്നും, അവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജനങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനു തടസം ഉണ്ടായാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കും നേതാക്കൾ ഉത്തരവാദികളായിരിക്കും.

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റു ചെയ്യുകയും, നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്താൽ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. മുൻകരുതൽ അറസ്റ്റുകളും ഉണ്ടാകും. എന്നാല്‍,  സമാധാനപരമായി റാലി നടത്തുന്നതിനു തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ് ഡി പി ഐ, വെൽഫെയർ പാർട്ടി, ബി എസ് പി തുടങ്ങി മുപ്പതിലധികം സംഘടനകൾ ചേർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലില്‍ നിന്ന് പിന്മാറില്ലെന്നാണ് ഈ സംഘടനകളുടെ നിലപാട്.