Wed. Jan 22nd, 2025
ദുബെെ:

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം  നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പട്ടികയില്‍ കുതിച്ച് കയറിയത്.

ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാത്തതാണ് സ്മിത്തിന് തിരിച്ചടിയായത്. ഇരുവരും തമ്മിലുള്ള റേറ്റിങ് പോയിന്റിലെ വ്യത്യാസം 17 ആയി. കോഹ്ലിയുടെ പോയിന്‍റ് 928 ആണ്.

നേരത്തെ അഞ്ച് റേറ്റിങ് പോയിന്റ് വ്യത്യാസത്തിലായിരുന്നു രണ്ടാം സ്ഥാനത്തുള്ള സ്മിത്ത്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍  സ്മിത്ത് 43-ഉം 16-ഉം റണ്‍സെടുത്ത് പുറത്തായിരുന്നു.

864 റേറ്റിങ് പോയിന്റുമായി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ മൂന്നാം സ്ഥാനത്തുണ്ട്. 791 റേറ്റിങ് പോയിന്റുമായി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തും, 759 പോയിന്‍റുമായി അജിങ്ക്യ രഹാനെ ആറാം സ്ഥാനത്തുമുണ്ട്.

പാക് ക്യാപ്റ്റന്‍ ബാബര്‍ അസമും, 25കാരനായ ഓസീസ് താരം മാര്‍നസ് ലബൂഷെയ്‌നുമാണ് പട്ടികയില്‍ ഇടിച്ചുകയറിയത്. കഴിഞ്ഞ മൂന്നു ടെസ്റ്റിലെ പ്രകടനം ലബൂഷെയ്‌നെ അഞ്ചാം സ്ഥാനത്തെത്തിച്ചു. മൂന്നു സ്ഥാനം മുന്നില്‍ കയറിയ ലബൂഷെയ്‌ന് 786 റേറ്റിങ് പോയിന്റാണുള്ളത്. നാല് സ്ഥാനം മുന്നില്‍ കയറിയ ബാബര്‍ അസം ഒമ്പതാം റാങ്കിലാണ്. 728 റേറ്റിങ് പോയിന്റാണ് താരത്തിനുള്ളത്.

അതേസമയം, ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രീത് ബുംറ കുതിച്ചു കയറി. പട്ടികയില്‍ ആറാം സ്ഥാനത്താണ് ബുംറ.

By Binsha Das

Digital Journalist at Woke Malayalam