Fri. Nov 22nd, 2024
#ദിനസരികള്‍ 971

“A deadly pall hung over India, under which the classes were smothered and the masses breathed with difficulty. The Muslim and Hindu ruling princes were disarmed and isolated; the Muslim and Hindu families tribes and castes which had provide soldiers administrators and leaders were ostracized from offices of responsibility and condemned to serve as helots; the Muslim and Hindu learned classes were deprived of patronage and slowly squeezed out of there avocations” എന്നാണ് സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രകാരനായ താരാചന്ദ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇങ്ങനെ നിഷേധിക്കപ്പെട്ടും അവഗണിക്കപ്പെട്ടും താന്താങ്ങളുടെ ഇടങ്ങളില്‍ നിന്നും നിഷ്കാസിതരാക്കപ്പെട്ടും പോയവര്‍ അടിമകള്‍ക്കു സമാനമായ സാഹചര്യത്തിലേക്ക് തള്ളിമാറ്റപ്പെട്ടു. അതായത് ഒരു വശത്ത് താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ കൊടിയ രീതിയില്‍ ചൂഷണം ചെയ്തുകൊണ്ട് തടിച്ചു കൊഴുക്കുകയും മറുവശത്ത് അതുവരെ അധികാരത്തോടൊട്ടി നിന്നിരുന്ന ഉപരിവര്‍ഗ്ഗങ്ങളെ അസംതൃപ്തരാക്കി പിണക്കിയകറ്റുകയും ചെയ്തതോടെ അമര്‍ഷം അതിന്റെ പാരമ്യത്തിലേക്ക് എത്തുവാനുള്ള സാഹചര്യമുണ്ടായി.

രാഷ്ട്രീയം സാമൂഹികം സാമ്പത്തികം എന്നിങ്ങനെ നാലായി തിരിച്ചുകൊണ്ടാണ് എ ശ്രീധരമേനോന്‍ തന്റെ ഇന്ത്യാചരിത്രത്തില്‍ 1857 ലെ മുന്നേറ്റത്തിന്റെ കാരണങ്ങളെ അന്വേഷിക്കുന്നത്. “പ്ലാസിയുദ്ധത്തിനു ശേഷം കൃത്യം ഒരു കൊല്ലം കഴിയുമ്പോഴേക്കും ഇന്ത്യക്കാരുടെ മനസ്സില്‍ ബ്രിട്ടീഷുകാരോടുള്ള കടുത്ത ശത്രുതാമനോഭാവം രൂപംകൊണ്ടു.

ഡല്‍‌ഹൌസിയുടെ സാമ്രാജ്യവികസന നയം ഇന്ത്യയില്‍ നാട്ടുരാജാക്കന്മാരുടേയും നാടുവാഴികളുടേയും ഇടയില്‍ സംഭ്രാന്തിയുളവാക്കി. ഔദ്ധ് പിടിച്ചടക്കിയതിനെത്തുടർന്നു ആയിരക്കണക്കിന് ആളുകള്‍ തൊഴില്‍ രഹിതരായിത്തീര്‍ന്നു.

മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ഷായെ തന്റെ കൊട്ടാരത്തിനുള്ളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത് മുസ്ലിം ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തി. ദത്താപഹാരനിയമം ഏര്‍‌പ്പെടുത്തി ഇന്ത്യന്‍ നാടുവാഴികളുടെ പരമ്പരാഗതമായ അവകാശത്തില്‍ കൈവെച്ചത് അവരില്‍ പലരേയും സംശയാലുക്കളാക്കി.

ഇതിനിടയില്‍ പേഷ്വയായിരുന്ന ബാജിറാവു രണ്ടാമന്റെ പുത്രന്‍ നാനാസഹിബ്ബിന് പെന്‍‌ഷന്‍ നിഷേധിച്ചതും ഝാന്‍സിയിലെ റാണിയായ ലക്ഷ്മിബായിയെ സ്ഥാനഭ്രഷ്ടയാക്കി ആ രാജ്യം ബ്രിട്ടീഷ് ഇന്ത്യയില്‍ ലയിപ്പിച്ചതും ചിരകാലമായി നിലനിന്നിരുന്ന അസംതൃപ്തിയും അസ്വസ്ഥതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു.”

പ്ലാസിയുദ്ധത്തിലെ വിജയത്തിനു ശേഷം കൃത്യം ഒരു നൂറ്റാണ്ടാകുമ്പോഴേക്കും രാജ്യത്തെ എല്ലാ തലത്തിലും തരത്തിലുമുള്ള ഭൂരിപക്ഷം ജനതയും ബ്രിട്ടീഷ് ഭരണത്തെ വെറുക്കണമെങ്കില്‍ അവര്‍ എത്രമാത്രം കൊള്ളരുതായ്മകളായിരിക്കും ഈ നാട്ടില്‍ കാണിച്ചു കൂട്ടിയതെന്ന് ആലോചിക്കുക.

ഡല്‍ഹൌസിയുടെ നയങ്ങള്‍ അതിനെ വളര്‍ത്താന്‍ സഹായിച്ചു. പ്രത്യേകിച്ച് ഝാന്‍സിയെ പിടിച്ചടക്കിയതില്‍ ജനതയ്ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം തന്റെ ഭരണ നൈപുണികൊണ്ട് എല്ലാത്തരം ആളുകളേയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞ ലക്ഷ്മി ബായിയുടെ ധീരോദാത്തമായ നിലപാടുകള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.

വന്‍‌‍സേനയുമായി തന്റെ രാജ്യം ആക്രമിക്കാന്‍ വന്ന അയല്‍ രാജാവായ നത്തേഖാനെ പരാജയപ്പെടുത്തിയ ശേഷം പ്രത്യേകിച്ചും. കീഴടങ്ങുന്നതാണ് നല്ലതെന്ന തരത്തില്‍ ലഭിച്ച ഉപദേശങ്ങളുടെ മുഖമടച്ച് ആട്ടിക്കൊണ്ടാണ് ഭര്‍ത്താവിന്റെ മരണം ഒരു പരിധിവരെ തളര്‍ത്തിയിരുന്ന ആ വീരയുവതി പോരാട്ടക്കളത്തിലേക്ക് ചുവടുവെച്ച് കയറിയത്. ഡോക്ട്രിന്‍ ഓഫ് ലാപ്സിന്റെ പിന്‍ബലത്തില്‍ അവരെ നിഷ്കാസിതയാക്കി ഝാന്‍സി പിടിച്ചടക്കിയ തീരുമാനം ജനതയുടെ മനസ്സിലെ ബ്രിട്ടീഷ് വിരോധം ആളിക്കത്തിക്കാനിടയാക്കിയിട്ടുണ്ട്.

ഇങ്ങിനെ വിവിധങ്ങളായ കാരണങ്ങളാല്‍ അസംതൃപ്തരായ ഒരു ജനതയുടെ പരിച്ഛേദമെന്ന നിലയില്‍ ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യക്കാരായ ആളുകള്‍ക്കിടയില്‍ വൈദേശികാധിപത്യത്തിനെതിനെതിരേയും അവരുടെ നയപരിപാടികള്‍‌‌ക്കെതിരേയും സ്വാഭാവികമായും കടുത്ത ഭിന്നതകള്‍ രൂപംകൊണ്ടു.
(തുടരും)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.