Fri. Apr 26th, 2024
കുവെെത്ത്:

കുവെെത്തില്‍ ബെെക്ക് ഡെലിവറി ജീവനക്കാര്‍ ഗതാഗതനിയമം പാലിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ആഭ്യന്തരമന്ത്രാലയം പരിശോധനാ ക്യാമ്പയിനിന് തുടക്കം കുറിക്കുന്നു.

ആറ് ഗവർണറേറ്റുകളിലും പ്രത്യേക സംഘം രൂപവത്കരിച്ച് വ്യാപക പരിശോധന നടത്താനാണ് പദ്ധതി.

ബെെക്കില്‍ ഭക്ഷണ സാധനങ്ങളും,  പലചരക്കുകളും വീടുകളിൽ കൊണ്ടുപോയി കൊടുക്കുന്നവര്‍  വ്യാപകമായി ഗതാഗത നിയമം ലംഘിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പയിന്‍ ആരംഭിക്കുന്നതെന്നാണ് മന്ത്രാലയം അറിയിക്കുന്നത്.

ഹെല്‍മറ്റും, ലെെസന്‍സുമില്ലാതെ ബെെക്ക് ഓടിക്കുക, റെഡ് സിഗ്നല്‍ ലംഘിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍, ക്യാമ്പയിനിലൂടെ ഈ അടിസ്ഥാന നിയമങ്ങള്‍ ലംഘിക്കുന്നവരെ പെട്ടന്ന് പിടികൂടാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ഡെലിവറി ജീവനക്കാർ മുന്നറിയിപ്പില്ലാതെ ട്രാക്ക് തെറ്റിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ക്യാമ്പയിന് പിന്നിലുണ്ട്.

By Binsha Das

Digital Journalist at Woke Malayalam