Fri. Apr 19th, 2024

ന്യൂഡല്‍ഹി:

ടോള്‍ പ്ലാസ വഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ടോള്‍ പണമായി നല്‍കാതെ ഡിജിറ്റലായി ഈടാക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ജനുവരി പതിനഞ്ച് മുതല്‍ ടോള്‍ പ്ലാസ വഴി കടന്നു പോകണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധമാണ്.

ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് പിന്നീട് ഡിസംബര്‍ 15 ലേക്ക് നീട്ടി. വീണ്ടും പുതുക്കിയ തിയ്യതിയാണ് ജനുവരി 15.

ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്നത് ഒഴിവാക്കാനും സമയലാഭവും ഇന്ധനലാഭവും ടോള്‍ പ്ലാസകളുടെ ഡിജിറ്റല്‍വത്കരണവും ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍.

എന്നാല്‍ വലിയൊരു ശതമാനം വാഹനങ്ങള്‍ ഇനിയും ഫാസ്ടാഗിലേക്ക് മാറിയിട്ടില്ല. ഭൂരിഭാഗം വാഹനങ്ങളും ഫാസ്ടാഗിലേക്ക് മാറാതെ ഈ സംവിധാനം നടപ്പിലാക്കിയാല്‍ വന്‍ ഗതാഗതക്കുരുക്കിന് വഴി വെയ്ക്കുമെന്ന് വിലയിരുത്തിയതിനാലാണ് തിയ്യതി വീണ്ടും നീട്ടിയത്.

എല്ലാ ടോള്‍ പ്ലാസകളിലേയും നാല് ട്രാക്കുകളാണ് ഫാസ്ടാഗിലേക്ക് മാറുന്നത്.

നേരത്തെ പദ്ധതി നടപ്പാക്കിയതിന് ശേഷം ദേശീയപാതയിലെ ടോള്‍ പ്ലാസളില്‍ ഫാസ്ടാഗില്ലാതെ ഫാസ്ടാഗ് ലൈനിലൂടെ കടന്നു പോകുന്ന വാഹനങ്ങളില്‍ നിന്ന് ഇരട്ടി നിരക്ക് ഈടാക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതു പോലെ ഫാസ്ടാഗ് അക്കൗണ്ടില്‍ (വാലറ്റില്‍) പണം കരുതിവെയ്ക്കാം. വാഹനം ടോള്‍ പ്ലാസ കടക്കുമ്പോള്‍ വാലറ്റില്‍ നിന്നോ ടാഗ് ലിങ്ക് ചെയ്ത ബാങ്കില്‍ നിന്നോ ടോള്‍ തുക കുറയും.

22 മുന്‍നിര ബാങ്കുകള്‍ക്ക് പുറമെ ടോള്‍ പ്ലാസകള്‍, പോയിന്റ് ഓഫ് സെയില്‍ ലൊക്കേഷനുകള്‍, തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങള്‍, പൊതുസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫാസ്ടാഗ് ലഭ്യമാണ്.

റീചാര്‍ജ് ചെയ്ത് 48 മണിക്കൂറിനു ശേഷമേ സൗകര്യം ലഭ്യമാകൂ. ബാങ്കുകള്‍ വഴി നല്‍കുന്ന അപേക്ഷകളില്‍ തപാല്‍ വഴിയാണ് ഫാസ്ടാഗ് ലഭിക്കുക. ടോള്‍ പ്ലാസകള്‍ക്ക് സമീപമുള്ള കേന്ദ്രങ്ങളില്‍ നിന്ന് 20 മിനിറ്റിനകം ടാഗ് ലഭിക്കും.

പുതിയതായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്.

100 രൂപയാണ് ടാഗിന്റെ വിലയായി ഈടാക്കുന്നത്. 200 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. വാഹനം വില്‍ക്കുമ്പോള്‍ ഈ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കും.

100 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വാലറ്റില്‍ നിക്ഷേപിക്കാം. മിനിമം 100 രൂപയെങ്കിലും വാലറ്റില്‍ വേണം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും വാലറ്റിലേക്ക് പണമിടാം. എത്ര തുക ടോളായി നല്‍കി, ബാക്കിയെത്ര ബാലന്‍സുണ്ട് എന്നീ വിവരങ്ങള്‍ മെസേജായി ഫോണില്‍ ലഭിക്കും.

നിലവില്‍ 24 മണിക്കൂറിനുള്ളില്‍ മടക്കയാത്ര നടത്തിയാല്‍ ഇരുദിശയിലേക്കുമുള്ള തുക ഒന്നിച്ച് അടക്കാവുന്ന സൗകര്യമുണ്ട്. എന്നാല്‍ ഫാസ്ടാഗിലേക്ക് വരുമ്പോള്‍ ഒരു വശത്തേക്കുള്ള ടോള്‍ മാത്രമേ അടക്കാനാകൂ. 24 മണിക്കൂറിനകം മടക്കയാത്ര നടത്തിയാല്‍ ഇളവ് ലഭിക്കും.

ഫാസ്ടാഗ് ഇന്ത്യന്‍ ഹൈവേ മാനേജ്‌മെന്റ് കമ്പനി, നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ദേശീയപാത അതോറിറ്റി എന്നിവര്‍ സംയുക്തമായാണ് ഫാസ്ടാഗ് നടപ്പിലാക്കുന്നത്.

നിലവില്‍ ഏഴ് നിറത്തില്‍ ഫാസ്ടാഗ് ലഭ്യമാണ്. നാല് ചക്രവാഹനങ്ങള്‍ക്കും ചെറിയ ചരക്ക് വാഹനങ്ങള്‍ക്കും വയലറ്റ് നിറത്തിലുള്ള ടാഗാണ്.

മിനി ബസുകള്‍ക്ക് ഓറഞ്ച്, മൂന്ന് ആക്‌സിലുള്ള വാഹനങ്ങള്‍ക്ക് മഞ്ഞ, രണ്ട് ആക്‌സിലുള്ള വാഹനങ്ങള്‍ക്ക് പച്ച, ട്രാക്ടര്‍, നാല് അഞ്ച് ആറ് ആക്‌സിലുകളുള്ള വാഹനങ്ങള്‍ക്ക് പിങ്ക്, ഏഴോ അതിനു മുകളിലോ ആക്‌സിലുള്ള വാഹനങ്ങള്‍ക്ക് നീല, ജെസിബി പോലുള്ള വാഹനങ്ങള്‍ക്ക് കറുപ്പ് എന്നിങ്ങനെയാണ് ടാഗിന്റെ നിറങ്ങള്‍.