Sun. Dec 22nd, 2024
കൊച്ചി ബ്യൂറോ:

ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കില്‍ ആക്ഷന്‍ കൊറിയോഗ്രാഫറായി ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ലീ വിറ്റാക്കര്‍ എത്തുന്നു. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം 25 കോടിയിലധികം മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്.

കമല്‍ ഹാസന്‍റെ വിശ്വരൂപം, ബാഹുബലി രണ്ടാം ഭാഗം, പീരിഡ് ഡ്രാമ സൈറ നരസിംഹ റെഡ്ഡി തുടങ്ങിയ ചിത്രങ്ങള്‍ക്കു വേണ്ടി വിറ്റാക്കര്‍ ചെയ്ത ആക്ഷന്‍ സീക്വന്‍സുകള്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയവയാണ്. മഹേഷ് നാരായണന്റെ ടേക്ക് ഓഫ് അമേരിക്കയില്‍ വച്ച് ലീ വിറ്റാക്കര്‍ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സിനിമയില്‍ ഭാഗമാകാമെന്ന് സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോളിവുഡ് സിനിമകളായ ജുറാസിക് പാര്‍ക്ക് ത്രീ, ക്യാപ്റ്റന്‍ മാര്‍വല്‍, എക്‌സ് മെന്‍ അപ്പോകാലിപ്‌സ് എന്നിവയിലെ ആക്ഷന്‍ രംഗങ്ങള്‍ വിറ്റാക്കറിന്റെ സംഭാവനയാണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന മാലിക് 2020 ല്‍ വിഷു റിലീസായിട്ടാണ് തിയേറ്ററുകളിലെത്തുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയാണ് മാലിക് എന്ന് മഹേഷ് നാരായണന്‍ നേരത്തെ പറഞ്ഞിരുന്നു. സുലൈമാന്‍ എന്ന നായക കഥാപാത്രത്തെയാണ് സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ വ്യക്തിയെ മാതൃകയാക്കിയാണ് ഈ കഥാപാത്രം. എറണാകുളത്തും, ലക്ഷദ്വീപിലും തിരുവനന്തപുരത്തുമായി മാലിക്കിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

രണ്ടു കാലഘട്ടങ്ങളിലായി കഥ പറയുന്ന മാലിക്കില്‍ നിമിഷ സജയനാണ് നായിക. ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ജലജ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഫഹദ് ഫാസില്‍ – അന്‍വര്‍ റഷീദ് കൂട്ടുകെട്ടിലുള്ള ട്രാന്‍സും ഏറെ പ്രതീക്ഷയേകുന്ന ചിത്രമാണ്.