Sun. Dec 22nd, 2024
ന്യൂ ഡല്‍ഹി:

ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും ഇടം പിടിച്ചു. 34ാം സ്ഥാനത്തുള്ള ഇവര്‍ പട്ടികയില്‍ പുതുമുഖമാണ്. ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചെലാ മെര്‍ക്കലാണ്‌ ഒന്നാംസ്ഥാനത്ത്. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീനെ ലഗാര്‍ഡ് രണ്ടാം സ്ഥാനത്തും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി മൂന്നാം സ്ഥാനത്തുമാണ്.

ഭരണ നേതൃത്വം, ബിസിനസ്സ്, ജീവകാരുണ്യപ്രവര്‍ത്തനം, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് ഫോബ്‌സ് മാസികയുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. പട്ടികയിലിടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ധനകാര്യമന്ത്രിയാണ് നിര്‍മ്മല സീതാരാമന്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധിക ചുമതല വഹിച്ചത് ഒഴിച്ചാല്‍ മുഴുവന്‍ സമയ ഇന്ത്യന്‍ ധനകാര്യമന്ത്രിയാകുന്ന ആദ്യ വനിതയാണ് നിര്‍മല.

എച്ച്സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒയും എകിസിക്യുട്ടീവ് ഡയറക്ടറുമായ റോഷിണി നഡാര്‍ മല്‍ഹോത്ര, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ എന്നിവരാണ് പട്ടികയിലുള്ള മറ്റ് രണ്ട് ഇന്ത്യന്‍ വംശജര്‍. നഡാല്‍ മല്‍ഹോത്ര 54-ാം സ്ഥാനത്തും കിരണ്‍ മജുംദാര്‍ ഷാ 65-ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.