Sun. Dec 22nd, 2024
കോട്ടയം:

രണ്ടില ചിഹ്നത്തെ ചൊല്ലി ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി. അകലകുന്നം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയതിനെതിരെ ജോസ് പക്ഷം നല്‍കിയ പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

നേരത്തെ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നം നല്‍കാനുള്ള അധികാരം പിജെ ജോസഫിനാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. എന്നാല്‍, ചിഹ്നം തീരുമാനിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നായിരുന്നു ജോസ് പക്ഷത്തിന്‍റെ വാദം.

അകലകുന്നം പഞ്ചായത്തിലെ ആറുവാര്‍ഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം നല്‍കാനുള്ള ജോസ് കെ മാണിയുടെ നീക്കത്തെ എതിര്‍ത്ത് പിജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പിജെ ജോസഫിനാണ് ചിഹ്നം നല്‍കാനുള്ള അധികാരമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. കാസര്‍ഗോഡ് ബളാല്‍ പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിച്ചിരുന്നില്ല.