ന്യൂഡല്‍ഹി:
ഇന്ത്യയിലെ ആദ്യ ബോണ്ട് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ഭാരത് ബോണ്ട് നാളെ ആരംഭിക്കും.
ഇടിഎഫിന്റെ എന്‍എഫ്ഓയ്ക്ക് (ന്യൂ ഫണ്ട് ഓഫര്‍) സെബി അംഗീകാരം നല്‍കിയതോടെയാണ് ഇടിഎഫ് ഡിസംബര്‍ 12ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്.
നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇടിഎഫിലൂടെ ധനസമാഹരണം നടത്താം. ഡീമാറ്റ് അക്കൗണ്ട് ഉള്ള ആര്‍ക്കും ഇടിഎഫിനായി അപേക്ഷ നല്‍കാനുമാകും. നികുതി ആനുകൂല്യം ലഭിക്കുമെന്നതാണ് പ്രധാന നേട്ടം.
നിക്ഷേപകര്‍ക്ക് ഡിസംബര്‍ 20 വരെ എന്‍എഫ്ഒയില്‍ നിക്ഷേപം നടത്താവുന്നതാണ്. മൂന്ന് വര്‍ഷം 10 വര്‍ഷം എന്നിങ്ങനെ രണ്ട് കാലാവധികളിലുള്ള ഭാരത് ബോണ്ട് ഇടിഎഫുകള്‍ നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാനാകും.
വ്യക്തിഗത നിക്ഷേപകര്‍ക്കും ഭാരത് ബോണ്ട് ഇടിഎഫില്‍ നിക്ഷേപം നടത്താം. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഇടിഎഫില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. രണ്ട് ലക്ഷമാണ് പരമാവധി നിക്ഷേപിക്കാവുന്ന തുക.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സുരക്ഷിതമായ കമ്പനികളുടെ കടപ്പത്രങ്ങളിലായിരിക്കും നിക്ഷേപം. ഇവ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി വ്യാപാരം ചെയ്യാനാകും.
നിക്ഷേപം പൂര്‍ത്തിയാകുമ്പോള്‍ ഫണ്ട് നടത്തിപ്പിന്റെ ചെലവു കിഴിച്ചുള്ള മൊത്തം തുക ലാഭം ഉള്‍പ്പെടെ നിക്ഷേപകര്‍ക്കു ലഭിക്കും.
നിക്ഷേപത്തിന് മൂലധന നേട്ട നികുതി ബാധകമായിരിക്കും. എഡല്‍വെയ്‌സ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഫണ്ട് മാനേജര്‍.
സ്ഥിര വരുമാന നിക്ഷേപങ്ങളാണ് ബോണ്ടുകള്‍. കമ്പനികളും മുനിസിപ്പാലിറ്റികളും സംസ്ഥാനങ്ങളും പരമാധികാര ഗവണ്‍മെന്റുകളും വിവിധ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ധനശേഖരണാര്‍ത്ഥമാണ് ബോണ്ടുകള്‍ ഉപയോഗിക്കുന്നത്.
2014 ല്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ഭാരത് 22 ഇടിഎഫിന്റേയും അതിന് മുമ്പ് കൊണ്ടുവന്ന സിപിഎസ്ഇ ഇടിഎഫിന്റേയും ബോണ്ട് പതിപ്പാണ് ഭാരത് ബോണ്ട് ഇടിഎഫ്.
പൊതുമേഖല കമ്പനികളുടെ സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിന്ന് വായ്പയെടുക്കുന്നതിന് തുല്യമാണ് ഭാരത് ബോണ്ട് ഇടിഎഫിലെ നിക്ഷേപം. സര്‍ക്കാര്‍ പിന്തുണയുള്ള കമ്പനികളായതിനാല്‍ നിക്ഷേപത്തിന് വിശ്വാസ്യതയുണ്ട്.
സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് ബോണ്ട് ഇടിഎഫ് അവതരിപ്പിക്കുന്നത്.