Fri. Apr 26th, 2024

ലണ്ടൻ:

അഞ്ച്‌ വര്‍ഷം കാലാവധിയുള്ള ബ്രിട്ടീഷ്‌ പാര്‍ലമെന്റിലേക്ക്‌ നാലര വര്‍ഷത്തിനിടയിലെ മൂന്നാമത്തെ തെരഞ്ഞെടുപ്പ്‌ വ്യാഴാഴ്‌ച നടക്കും. ബ്രിട്ടന്‍ യൂറോപ്യൻ  യൂണിയന്‍ വിടുന്നതിന്‌ 2016ല്‍ ഹിതപരിശോധനയിലൂടെ തീരുമാനിച്ചതിനുശേഷം അത്‌ നടപ്പാക്കുന്നതിലെ പരാജയമാണ്‌ രണ്ടര വര്‍ഷത്തിനിടയിലെ രണ്ടാമത്തെ തിരഞ്ഞെടുപ്പിന്‌ കാരണമായിരിക്കുന്നത് .

ബ്രെക്‌സിറ്റ്‌ കരാറിന്‌ പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങുന്നതില്‍ പരാജയപ്പെട്ട തെരേസ മേയ്‌ കഴിഞ്ഞ ജൂലൈയില്‍ രാജി വച്ചതിനെ തുടര്‍ന്നാണ്‌ ബോറിസ്‌ ജോണ്‍സണ്‍ പ്രധാനമന്ത്രിയായത്‌. യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവരാൻ കരാർ ആയില്ലെങ്കിലും ഒക്ടോബർ ഒന്നിനുമുമ്പ് പുറത്തുവരാൻ ശ്രമിച്ച പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സന്റെ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. കഴിഞ്ഞ ദിവസം പുറത്തുവന്ന നാല്‌ സര്‍വേ ഫലങ്ങളനുസരിച്ച്‌ യാഥാസ്ഥിതിക കക്ഷി പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയെക്കാള്‍ എട്ടുമുതല്‍ 15 ശതമാനംവരെ മുന്നിലാണെങ്കിലും മുന്‍ സര്‍വേകളിലേക്കാള്‍ മുന്‍തൂക്കം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌.

2020 ജനുവരി 31 ആണ്‌ ഇപ്പോഴത്തെ സഭയുടെ സമയപരിധി. ആ സമയത്തിനകം ബ്രെക്‌സിറ്റ്‌ നടപ്പാക്കും എന്നതാണ്‌ ജോണ്‍സന്റെ പ്രധാന വാഗ്ദാനം. കുടിയേറ്റ വിരുദ്ധ വികാരം മുതലാക്കാന്‍ ലക്ഷ്യമിട്ടുള്ള ജോണ്‍സന്റെ നീക്കങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്റെ യാഥാസ്ഥിതിക കക്ഷിയുടെ പിന്തുണ കുറഞ്ഞുവരുന്നതായാണ്‌ ഒടുവിലെ സര്‍വേ ഫലങ്ങളും കാണിക്കുന്നത്‌.