Fri. Apr 26th, 2024
മോസ്കോ:

 
കായിക മേളകളില്‍ നിന്ന് റഷ്യയെ വിലക്കിയ രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) നടപടിക്കെതിരെ റഷ്യയിൽ പ്രതിഷേധം. വിലക്കിനെതിരെ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് റഷ്യന്‍ കായിക മന്ത്രി പാവേല്‍ കൊളോബ്‌കോവ് പറഞ്ഞു. വാഡയുടേത് കടുത്ത തീരുമാനമാണെന്നായിരുന്നു റഷ്യന്‍ അധികൃതരുടെ പ്രതികരണം. ഇത് രാഷ്ട്രീയ തീരുമാനമാണെന്നും മറ്റൊരു രീതിയിലായിരുന്നു പ്രശ്‌നം പരിഹരിക്കേണ്ടിയിരുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ തീരുമാനം അനീതിയാണ്, ഇതില്‍ രാഷ്ട്രീയമുണ്ട്. കായിക താരങ്ങളുടെ ഭാവിയെ നശിപ്പിക്കുന്നത്. കായിക മേഖലയില്‍ റഷ്യയുടെ ആധിപത്യം തകര്‍ക്കാനുള്ള നീക്കമാണിത്. രാജ്യാന്തര സമൂഹത്തിന് മുന്നില്‍ റഷ്യയെ ഒറ്റപ്പെടുത്തുന്ന വാഡയുടെ നടപടികള്‍ക്കെതിരെ പോരാടുമെന്നും റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.

റഷ്യന്‍ ഉത്തേജക മരുന്ന് വിരുദ്ധ സമിതി (റുസാഡ) തലവന്‍ യൂറി ഗനുസ് വിഷയത്തില്‍ പ്രതികരിച്ചില്ല. തീരുമാനം പ്രതീക്ഷിച്ചതാണെന്നായിരുന്നു റുസാഡയിലെ മറ്റംഗങ്ങളുടെ പ്രതികരണം. നാലുവര്‍ഷ വിലക്കുണ്ടെങ്കിലും റഷ്യന്‍ ഫുട്‌ബോള്‍ ടീമിന് യൂറോ കപ്പില്‍ മത്സരിക്കാം. അടുത്ത വര്‍ഷമാണ് യൂറോ. ഒരു വേദി സെന്റ് പീറ്റേഴ്‌സ് ബര്‍ഗാണ്. ഇതിന് യുവേഫ അനുമതി നല്‍കിയിട്ടുണ്ട്. യൂറോ കപ്പ് സുപ്രധാന ടൂര്‍ണമെന്റുകളില്‍പ്പെടില്ലെന്നാണ് വിശദീകരണം.