Fri. Nov 22nd, 2024
കൊച്ചി:

ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കു മാത്രമേ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ചെറുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജസ്റ്റിസ് കമാല്‍ പാഷ. ഹ്യൂമന്‍ റൈറ്റ്സ് ഫോറം സംഘടിപ്പിച്ച ആഗോള മനുഷ്യാവകാശദിന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് എല്ലാ കോണുകളിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ അമര്‍ത്തിപ്പിടിച്ച തേങ്ങലുമായാണ് കഴിയുന്നത്. ലോക്‌സഭയിൽ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയ സാഹചര്യത്തില്‍ യഥാര്‍ത്ഥ മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യം കാണാനിരിക്കുന്നതേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“മതാടിസ്ഥാനത്തിലുള്ള ഈ വേര്‍തിരിവ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വത്തിന് വിലങ്ങുതടിയാവുകയാണ്. ഇനി ചിലപ്പോള്‍ ഞാനുള്‍പ്പെടെയുള്ളവര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലിരുന്നായിരിക്കും നിങ്ങളോട് സംസാരിക്കുന്നത്” അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് പികെ ഷംസുദ്ധീന്‍ സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികനായിരുന്നു. കെആര്‍ വിശ്വംഭരന്‍ ഐഎഎസ് മുഖ്യാതിഥിയായി പങ്കെടുത്തു. എറണാകുളത്ത്, ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ രാവിലെ മുതല്‍ വിവിധ വിഷയത്തില്‍ സെമിനാറുകളും അവതരിപ്പിച്ചിരുന്നു.