ആസാം:
പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം പ്രകടിപ്പിച്ച് സിനിമാ മേഖലയും. ദേശീയ അവാര്‍ഡ് ജേതാവായ പ്രശസ്ത സംവിധായകന്‍ ജഹ്നു ബറുവ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ആസാം സ്റ്റേറ്റ് ഫിലിം അവാര്‍ഡിസ്സിനു വേണ്ടി തന്‍റെ സിനിമ പങ്കെടുപ്പിക്കില്ലെന്ന് അറിയിച്ചു.
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര നിര്‍മ്മിച്ച ‘ഭോഗാ ഖിരിക്കി’ എന്ന ചിത്രമാണ് സംസ്ഥാന അവാര്‍ഡ് കാറ്റഗറിയില്‍ നിന്ന് അദ്ദേഹം പിന്‍വലിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
ബില്ലിനെതിരെ അസമില്‍ രോഷം കത്തിപ്പടരുകയാണ്. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബന്ദ് നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജഹ്നു ബറുവയും പ്രതിഷേധത്തില്‍ അണിചേരുന്നത്.
ആസാമിലും മറ്റ് സംസ്ഥാനങ്ങളിലും തുടരുന്ന അശാന്തിയില്‍ ജഹ്നു ബറുവ ദുഃഖം പ്രകടിപ്പിച്ചു. നേതാക്കള്‍ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് മാതൃരാജ്യത്തെ തകര്‍ക്കുകയാണെന്ന് പദ്മഭൂഷണ്‍ ജേതാവായ അദ്ദേഹം പറഞ്ഞു.
” ബില്ലുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യത്തിൽ ഞാൻ നിരാശനാണ്. ഈ ബിൽ സംഭവിക്കാൻ പാടില്ലായിരുന്നു. ഞങ്ങൾ നേതൃത്വത്തെ വിശ്വസിച്ചു, പക്ഷേ അവർ ഞങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ, ഇതുപോലുള്ള പരിപാടിയില്‍ പങ്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ” – ബറുവ പി.ടി.ഐയോട് പറഞ്ഞു.
അതേസമയം, എട്ടാമത് അസം സ്റ്റേറ്റ് ഫിലിം അവാർഡ്, ഫിലിം ഫെസ്റ്റിവൽ 2019 എന്നിവ ഡിസംബർ 26, 27 തീയതികളിൽ ഗുവാഹത്തിയിൽ നടക്കും.