Wed. Jan 22nd, 2025
കൊച്ചി:

കേരള ബാംബൂ ഫെസ്റ്റ് 2019ന്‌ മറൈൻ ഡ്രൈവ് ഗ്രൗണ്ടില്‍ കൊടിയേറി. മുള കരകൗശല ഉത്പന്നങ്ങളുടെ വിപണന ശൃംഖല മെച്ചപ്പെടുത്താനായാണ് വ്യവസായ വാണിജ്യ വകുപ്പിന്‍റെയും സംസ്ഥാന ബാംബൂ മിഷന്‍റെയും നേതൃത്വത്തില്‍ ബാംബൂ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

പതിനാറാം എഡിഷനായ ഇത്തവണ, കേരളത്തിൽനിന്ന് ഇരുനൂറോളം കരകൗശല തൊഴിലാളികളും പതിനഞ്ചോളം സ്ഥാപനങ്ങളും ഫെസ്റ്റിൽ പ്രദർശനം ഒരുക്കും. കൂടാതെ, നാഗാലാൻഡ്, തമിഴ്‌നാട്, മണിപ്പുർ, മധ്യപ്രദേശ്, ത്രിപുര, അസം, സിക്കിം, മിസോറാം, ഛത്തീസ്ഗഢ്‌ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള അറുപതിലധികം കരകൗശല തൊഴിലാളികൾ ഉൾപ്പെടെ 170-ഓളം സ്റ്റാളുകളും പ്രദർശനത്തിന്‍റെ ഭാഗമാകും.

“മുള കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങളുടെ വിപണന ശൃംഖല മെച്ചപ്പെടുത്തുക എന്നതാണ് ബാംബൂ ഫെസ്റ്റിന്‍റെ പ്രധാന ഉദ്ദേശം. കൂടാതെ ഇത്തരം ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിച്ച്, പ്ലാസ്റ്റിക് ഉപയോഗം പരാമാവധി കുറയ്ക്കുക എന്നത് മറ്റൊരു ലക്ഷ്യമാണ്” വാണിജ്യ വ്യവസായ വകുപ്പ് ഡയറക്ടറും, കേരള സംസ്ഥാന ബാംബൂ മിഷന്‍ തലവനുമായ ബിജു കെ, ഐഎഎസ് വോക്ക് മലയാളത്തോട് പറ‍ഞ്ഞു.

ഗൃഹോപകരണങ്ങളും, കരകൗശല വസ്തുക്കളും, ഫര്‍ണിച്ചറുകളും, ആഭരണങ്ങളുമടക്കം കണ്ണഞ്ചിപ്പിക്കുന്ന വിവിധ വസ്തുക്കളാണ് പ്രദര്‍ശനത്തിലുള്ളത്. സന്ദർശകർക്ക് സംസ്ഥാന ബാംബൂ മിഷൻ പരിശീലകർ രൂപകല്പന ചെയ്ത വിവിധ മുള കരകൗശല ഉത്പന്നങ്ങൾ കാണുന്നതിനുള്ള പ്രത്യേക ഗാലറിയും സജ്ജമാക്കിയിട്ടുണ്ട്.

മുളയിൽ തീർത്ത നാലടി ഉയരമുള്ള വനിതയും രണ്ടടി ഉയരമുള്ള കുതിരയുമാണ്‌ ബാംബു ഫെസ്‌റ്റിന്‍റെ ആകർഷണം. കേരള സ്‌റ്റേറ്റ്‌ ബാംബു കോർപറേഷന്‍റെ സ്‌റ്റാളിലാണ്‌ ഇവ പ്രദർശിപ്പിച്ചിരിക്കുന്നത്‌. മുളയരി പായസവും പ്രദർശനത്തിന് മധുരമേകുന്നു. ഡിസംബര്‍ പത്തിനാണ് ഫെസ്റ്റ് സമാപിക്കുന്നത്.