കൊച്ചി ബ്യൂറോ:
24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാവും. ഡിസംബര്‍ ആറുമുതല്‍ പതിമൂന്നു വരെ തിരുവനന്തപുരത്തെ പത്തോളം വേദികളില്‍ വച്ച് നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സിനിമാമേള കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ഉദ്ഘാടനത്തെ തുടര്‍ന്ന് ടാഗോറിൽ ഉദ്ഘാടന ചിത്രം ‘പാസ്ഡ് ബൈ സെന്‍സറി’ന്റെ പ്രദര്‍ശനവും നടക്കും.
വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇക്കൊല്ലം മേളയുടെ മുഖ്യ ആകര്‍ഷണം. 27 വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ലോകസിനിമയിലാണ് സ്ത്രീ സംവിധായകരുടെ സിനിമകള്‍ ഏറെയുള്ളത്. ഒപ്പം ഇന്ത്യന്‍ സിനിമ ഇന്ന്, കാലിഡോസ്കോപ്പ്, തുടങ്ങിയ വിഭാഗങ്ങളിലും സ്ത്രീ സംവിധായകരുടെ സിനിമകളുണ്ട്. വിദേശി സംവിധായികമാര്‍ക്കൊപ്പം മലയാളി സംവിധായിക ഗീതു മോഹന്‍ദാസ്, ഇന്ത്യന്‍ സംവിധായരായ സീമ പഹ്വ, ഗീതാഞ്ജലി റാവു, അപര്‍ണാ സെന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.
‘ഇന്ത്യന്‍ സിനിമ ഇന്ന്’ എന്ന വിഭാഗത്തിലാണ് സീമ പഹ്വ സംവിധാനം ചെയ്ത ‘ദി ഫ്യൂണറല്‍’ പ്രദര്‍ശിപ്പിക്കുക. ‘കാലിഡോസ്കോപ്പി’ല്‍ അപര്‍ണ സെന്നിന്‍റെ ‘ദി ഹോം ആന്ഡ് ദി വേള്‍ഡ് ടുഡേ’, ഗീതാഞ്ജലി റാവുവിന്‍റെ ‘ബോംബേ റോസ്’, ഗീതു മോഹന്‍ദാസിന്റെ ‘മൂത്തോന്‍’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക സുരക്ഷാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തു മുതല്‍ രാത്രി ഏഴു വരെ പാസ് വിതരണം ഉണ്ടാകും. ഇത്തവണ 10,500 പാസുകളാണ് വിതരണം ചെയ്യുന്നത്. 1500 രൂപയാണ് ജനറല്‍ പാസ് തുക.
പ്രധാന വേദികളായ ടാഗോറും നിശാഗന്ധിയുമടക്കം പതിനാലു വേദികളിലായി 73 രാജ്യങ്ങളില്‍നിന്നുള്ള 186 ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഒപ്പം 27 വനിതാ സംവിധായകരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.