Wed. Jan 22nd, 2025
കൊച്ചി:

വ്യവസായത്തിന് മാത്രമല്ല, അക്ഷരങ്ങൾക്കും പൊരുത്തപ്പെട്ടതാണ് കൊച്ചി എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഇരുപത്തി മൂന്നാം അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ സാഹിത്യോത്സവത്തിനു തുടക്കമായി. ഭാരതത്തിന്‍റെ വിവിധ കോണുകളിൽ നിന്നായി നൂറോളം എഴുത്തുകാരുടെയും സാംസ്‌കാരിക നായകന്മാരുമാരുടെയും പതം വന്ന വാക്കുകൾ വരും ദിനങ്ങളിൽ അക്ഷര നഗരിയെ പുളകം കൊള്ളിക്കും.

പുസ്തകോത്സവത്തിന്‍റെ മുഖ്യ വേദിയിൽ നടന്ന പരിപാടി, തമിഴ് എഴുത്തുകാരൻ സുബ്രഭാരതി മണിയൻ ഉദ്ഘാടനം ചെയ്തു. ഐജിഎൻസിഎയുടെ മെമ്പർ സെക്രട്ടറി സച്ചിദാനന്ദ് ജോഷി മുഖ്യാഥിതിയായിരുന്നു. ഒറിയ എഴുത്തുകാരി പരിമിത സത്പതി ഐആർഎസ്, മുൻ എംപി കെവി തോമസ്, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന പരിപാടിക്ക് ശേഷം എഴുത്തുകാരി പരിമിത സത്പതിയുമായി ശാമിൽ ജെ ഫ്രാൻസിസ് മുഖാമുഖം നടന്നു. സുരേഖ വിനോദ് ആയിരുന്നു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത്. തുടർന്ന് ഹരിത ഹരിദാസ് നാട്യപ്രദക്ഷിണം അവതരിപ്പിച്ചു.

ആധുനിക യുഗത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങളും സാമൂഹ്യ മാധ്യമങ്ങളും എഴുത്തിനെയും അക്ഷരങ്ങളെയും മറ്റൊരു തലത്തിൽ കൊണ്ടുപോകുന്നതിൽ മുഖ്യാതിഥിയായ സച്ചിദാനന്ദ് ജോഷി ആശങ്ക പ്രകടിപ്പിച്ചു. ഉപഹാരമായി പുസ്തകങ്ങൾ കിട്ടാൻ കാത്തുനിൽക്കാതെ വർഷത്തിൽ ഒരു പുസ്തകമെങ്കിലും സ്വന്തമായി വാങ്ങി വായനയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊച്ചി കപ്പലുകൾക്കും കമ്പനികൾക്കും മാത്രമല്ല, അക്ഷരങ്ങൾക്കും സാഹിത്യത്തിനും ഉതകുന്ന കൂടിയാണെന്ന് ഓർമിപ്പിക്കും തരത്തിലായിരുന്നു മുൻ എം പി കെ വി തോമസിന്‍റെ പ്രസംഗം. പുസ്തകോത്സവത്തിന്‍റെ ആദ്യകാലം തൊട്ട്, മുടങ്ങാതെ പങ്കെടുക്കുന്ന രാഷ്ട്രീയ പ്രമുഖൻ കൂടിയാണ് കെ വി തോമസ്.

മൂന്നാം വേദിയായ സെന്‍റ് തെരേസ കോളേജിൽ രാവിലെ പത്തു മണിമുതൽ പന്ത്രണ്ട് മണിവരെ സാഹിത്യോത്സവത്തിൽ മുഖ്യ അഥിതികളായിട്ടുള്ള സുബ്രഭാരതി മണിയൻ, പരിമിത സപ്‌തതി എന്നിവരുമായി വിദ്യാർഥികൾ മുഖാമുഖം നടത്തി. പുസ്തകോത്സവത്തിന്‍റെ സമാപന ദിവസമായ ഞായറാഴ്ച വരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നിരവധി സാംസ്കാരിക പ്രവർത്തകർ ഫെസ്റ്റിവലിൽ പങ്കെടുക്കും.

പുസ്തകോത്സവത്തിന്‍റെ ഏഴാം ദിനമായ വ്യാഴാഴ്ച വെസ്റ്റേണ്‍ ഹാളില്‍ വച്ച് ആധുനിക മലയാളം നാടകം- ബുദ്ധിമുട്ടുകളും ഭാവിയും എന്ന വിഷയത്തില്‍ സെമ്നാര്‍ നടക്കും. വൈകിട്ട് ബാലാമണിയമ്മ പുരസ്കാര സഭയും ഉണ്ടാകും.