Wed. Jan 22nd, 2025

കൊച്ചി:

ആരാധകര്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോജു ജോര്‍ജ് നായകനായെത്തുന്ന ചോല. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജുവിന് പുറമെ നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ വെള്ളിയാഴ്ച തീയേറ്ററുകലിലെത്തുന്ന ചോലയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ഹിറ്റ് മേക്കര്‍ കാര്‍ത്തിക് സുബ്ബരാജ്.

സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തികും ജോജുവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.  പേട്ട, പിസ, ജിഗര്‍ദണ്ഡ തുടങ്ങി നിരവധി ഹിറ്റ് തമിഴ് ചിത്രങ്ങള്‍ സമ്മാനിച്ച സുബ്ബരാജ് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്.

സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ചോലയെന്നു പറയുമ്പോള്‍ തന്നെ തനിക്ക് വളരെ ഏറെ സന്തോഷമുണ്ട്. ഡിസംബര്‍ ആറിന് റിലീസ് ചെയ്യുന്ന ചോല ഒരു മനോഹര ചിത്രമാണെന്നും ആരും ഇത് കാണാതിരിക്കരുതെന്നും കാര്‍ത്തിക് സുബ്ബരാജ് ട്വിറ്ററില്‍ കുറിച്ചു.

ത്രില്ലര്‍ സ്വാഭാവമുള്ള ചോല ഇതിനോടകം തന്നെ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ്. നേരത്തെ ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam