Sun. Dec 22nd, 2024

കൊച്ചി:

മോഹന്‍ലാല്‍ നായകനായ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തി മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ മണി വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്ന ചിത്രമാണ് ഉടലാഴം. ‘ഗുളികൻ’ എന്ന ട്രൈബൽ ട്രാൻസ്ജെൻഡർ ചെറുപ്പക്കാരന്‍റെ വേഷത്തില്‍ മണിയെത്തുന്ന ചിത്രം ഡിസംബര്‍ ആറിന് തീയേറ്ററുകളിലെത്തും.

ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടലാഴം. 14-ാമത്തെ വയസ്സിൽ വിവാഹിതനാവുന്ന ‘ഗുളികന്‍ വിവാഹശേഷം തന്റെ സ്വത്വത്തിലെ അസ്വാഭാവികതകൾ തിരിച്ചറിയുന്നതും പിന്നീട് അയാൾ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്.

ഗുളികനിലൂടെ ശരീരത്തിന്‍റെ രാഷ്ട്രീയമാണ് സംവിധായകന്‍ ഉയര്‍ത്തികാട്ടുന്നത്. കഴിഞ്ഞ വർഷം കേരള രാജ്യാന്തര ചലച്ചിത്രമേള, ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലെല്ലാം ഉടലാഴം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

മണിയെക്കൂടാതെ അനുമോൾ, രമ്യ, ഇന്ദ്രൻസ്, ജോയ് മാത്യു,  എന്നിവരും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു.

ഡോക്ടേഴ്സ് ഡിലമയുടെ ബാനറിൽ ഡോ. മനോജ് കെ.ടി, ഡോ. രാജേഷ് എം.പി., ഡോ. സജീഷ് എം. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആഷിഖ് അബുവാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam