Sun. Dec 22nd, 2024

ന്യൂസിലാന്‍ഡ്:

െഎസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിന് ന്യൂസിലാന്‍ഡ് ടീം അര്‍ഹരായി. കഴിഞ്ഞ ജൂലെെയില്‍ ലോര്‍ഡ്സില്‍ വെച്ച് നടന്ന പുരുഷ വിഭാഗം ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ കാഴ്ചവെച്ച കായിക  പെരുമാറ്റത്തിന്‍റെ പേരിലാണ് ന്യൂസിലാന്‍ഡ് ടീം അവാര്‍ഡ് സ്വന്തമാക്കിയത്.

ബിബിസി ബ്രോഡ്കാസ്റ്ററായിരുന്ന ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍-ജെന്‍കിസിന്റെ ഓര്‍മ്മയ്ക്കായി നല്‍കി വരുന്ന അവാര്‍ഡാണിത്. എതിര്‍ടീമിനോടും, സ്വന്തം ക്യാപ്റ്റനോടും ടീമിനോടും അമ്പയര്‍മാരോടും ക്രിക്കറ്റിന്‍റെ  പരമ്പരാഗത മൂല്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന താരത്തിനോ ടീമിനോ നല്‍കി വരുന്ന അവാര്‍ഡ് കൂടിയാണിത്.

ജൂലെെ 14ന് നടന്ന ആവേശകരമായ ഫെെനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും എക്കാലത്തെയും ആവേശകരമായ ഏകദിന മത്സരമായാണ് ഇതിനെ കണക്കാക്കിയിരുന്നത്.

കെയ്ന്‍ വില്യംസന്‍റെ ടീം കായികക്ഷമത, വിനയം, തോല്‍വിയിലും പ്രകടിപ്പിച്ച നിസ്വാര്‍ത്ഥത എന്നിവയുടെ മികവാണ് ഈ അവാര്‍ഡിന് ടീമിനെ അര്‍ഹരാക്കിയത്.

ഫൈനലില്‍ നിശ്ചിത 50 ഓവറുകള്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഒപ്പത്തിനൊപ്പം ആയിരുന്നു. അതിന് ശേഷം സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയി അവസാനിച്ചപ്പോള്‍  കൂടുതല്‍ ബൗണ്ടറി നേടിയെന്ന മാനദണ്ഡം അനുസരിച്ച്‌  കിരീടം ഇംഗ്ലണ്ടിന് നല്‍കുകയായിരുന്നു.

ഹാമിള്‍ട്ടണിലെ ഇംഗ്ലണ്ട്-ന്യൂസിലാണ്ട് ടെസ്റ്റിന് ശേഷം വില്യംസണ് ബ്ലാക്ക് ക്യാപ്പ് അവാര്‍ഡ് സമ്മാനിച്ചിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam