Sun. Dec 22nd, 2024
കൊച്ചി:

കോളേജ് വിദ്യാഭ്യാസ വകുപ്പിന്‍റെ ധനസഹായത്തോടെ മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംഘചിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഇന്ന് ആരംഭിച്ചു. പ്രശസ്ത സാമൂഹ്യ ചിന്തകൻ സണ്ണി എം കപിക്കാട് കോളേജിലെ മലയാളം ഹാളില്‍ വച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യവും തത്വ ചിന്തയും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് രണ്ടു ദിവസങ്ങളിലായി സെമിനാര്‍ നടക്കുന്നത്. നാലു സെക്ഷനുകളിലായി, വ്യത്യസ്ത വിഷയങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖര്‍ പ്രബന്ധാവതരണം നടത്തുകയും സംവാദം സംഘടിപ്പിക്കുകയും ചെയ്യും.

“സാഹിത്യവും തത്വ ചിന്തയും എന്ന വിഷയം വളരെ വിപുലമായ മേഖലകളെ സ്പര്‍ശിക്കുന്ന സംവാദാത്മകമായ സാധ്യതകളുള്ള വിഷയമാണ്. തത്വ ചിന്തയെന്നത് അന്യമായ എന്തോ ആണെന്ന് ധരിക്കുന്ന കേരളത്തില്‍ ഗൗരവമായ ജ്ഞാനാന്വേഷണത്തെ പ്രത്സാഹിപ്പിക്കുന്ന ഒന്നാണ് ഈ ദേശീയ സെമിനാര്‍” ഉദ്ഘാടകനായ സണ്ണി എം കപിക്കാട് വോക്ക് മലയാളത്തോട് പറ‍ഞ്ഞു.

സെമിനാറിന്‍റെ രണ്ടാം ദിവസമായ നാളെ സാഹിത്യവും നൈതിക ദര്‍ശനവും എന്ന വിഷയത്തില്‍, കാലടി സംസ്കൃത സര്‍വ്വകലാശാല പ്രഫസറായ സുനില്‍ പി ഇളയിടം പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് കോഴിക്കോട് സര്‍വ്വകലാശാല തത്വശാസ്ത്ര വിഭാഗം അദ്ധ്യാപകനായ ഡോ.ടിവി മധു, കവനവും ചിന്തയും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും.  ഉച്ചതിരിഞ്ഞ് പ്രശസ്ത കന്നട യുവ കവി ആരിഫിന്‍റെ നേതൃത്വത്തില്‍ കന്നട കവിതാ ദര്‍ശനം എന്ന വിഷയത്തില്‍ സംവാദം നടക്കും.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണനാണ് ഉദ്ഘാടനം ചെയ്യുന്നത്. കവിതയും തത്വ ചിന്തയും എന്ന വിഷയത്തില്‍ അദ്ദേഹം പ്രബന്ധം അവതരിപ്പിക്കുകയും ചെയ്യും. മറ്റു കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.