Sun. Dec 22nd, 2024

ന്യൂഡല്‍ഹി:

അടുത്തവര്‍ഷം മേയ് മൂന്നിന് നടക്കുന്ന മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുളള നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം. പരീക്ഷയുടെ വസ്ത്രധാരണച്ചട്ടം ദേശീയ പരീക്ഷാ ഏജന്‍സി പുറത്തിറക്കി.ബുര്‍ഖ, ഹിജാബ്, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്.

അതേസമയം, ഇത്തരം വസ്ത്രം ധരിച്ചെത്തുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ ഉണ്ട്.  സാംസ്കരാരിക, സാമുദായിക കാരണങ്ങളാല്‍ ഇളവ് ലഭിക്കേണ്ടവര്‍ 12.30ന് പരീക്ഷ കേന്ദ്രത്തില്‍ എത്തിച്ചേരണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ആരോഗ്യ കാരണങ്ങളാലും മറ്റും ഡ്രസ് കോഡ് പാലിക്കാന്‍ കഴിയാത്തവരുണ്ടെങ്കില്‍ അഡ്മിറ്റ് കാര്‍ഡ് അനുവദിക്കും മുന്‍പ് എന്‍ടിഎയുടെ അനുമതി വാങ്ങിയിരിക്കണം.

ഇതിനുപുറമെ ഇളം നിറത്തിലുള്ള വേഷം ധരിക്കണം. ഫുള്‍സ്ലീവ്, ഷൂസ്  പാടില്ല തുടങ്ങി കര്‍ശന വ്യവസ്ഥകളും വസ്ത്രധാരണചട്ടത്തിലുണ്ട്.

കോപ്പിയടിയും ക്രമക്കേടും തടയാനുളള ശ്രമങ്ങളുടെ ഭാഗമായി മുന്‍വര്‍ഷങ്ങളില്‍ പരീക്ഷയ്ക്ക് തട്ടമടക്കമുളള ശിരോവസ്ത്രങ്ങള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ പ്രതിഷേധത്തെതുടര്‍ന്നാണ് ഇത്തവണ ഇളവ് വരുത്തിയിരിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam