Mon. Dec 23rd, 2024
മാനന്തവാടി:

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കമായി. ‘കുഞ്ഞേ നിനക്കായ്‌’ എന്ന പേരിൽ മൂന്ന് ദിവസത്തെ ക്യാമ്പയിൻ നടത്തി.
മിനി വാനിൽ തയ്യാറാക്കിയ സ്‌ക്രീനിൽ പോക്‌സോ നിയമത്തെക്കുറിച്ചുള്ള ചാക്യാർകൂത്ത് അവതരണമാണ് ‘കുഞ്ഞേ നിനക്കായ്’ പോക്സോ ബോധവൽക്കരണ പരിപാടി.

കുട്ടികൾക്ക് നേരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുക, അവർക്ക് സുരക്ഷയൊരുക്കുക, കുട്ടികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുന്ന വിവിധ മേഖലകളിലെ ആളുകൾക്ക് ബോധവൽക്കരണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിൻ നടത്തിയത്. പോക്‌സോ നിയമങ്ങളും ശിക്ഷയും, ഇടപെടലുകളും വ്യക്തമാക്കുന്ന 17 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും വിവിധ പ്രദേശങ്ങളിൽ പ്രദർശിപ്പിച്ചു.

കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളിൽ സമൂഹമനസാക്ഷിയെ ഉണർത്തുക, കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്.രണ്ടു മിനിറ്റ് നീളുന്ന സ്ലൈഡ് പ്രദർശനം, 10 മിനിറ്റ് ദൈർഘ്യമുള്ള ചാക്യാർകൂത്ത് വീഡിയോ, അഞ്ച് മിനിറ്റിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണം എന്നിവ ഉൾപ്പെടെയുള്ള 17 മിനിറ്റ് ആണ് പരിപാടി.

വിവിധ സ്റ്റേഷനുകളിലെ പരിപാടികളിൽ സിഐമാർ, എസ്‌ഐമാർ തുടങ്ങിയവർ വിഷയം വിശദീകരിച്ചു സംസാരിച്ചു.ഇരകളെ ബലിയാടുകൾ ആക്കാതിരിക്കുക, അക്രമികളെ ബോധവൽക്കരിക്കുക, അതിക്രമങ്ങൾക്കെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അതിന് പ്രാപ്തരാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുഞ്ഞുങ്ങൾക്ക് സുരക്ഷിതയിടമായി ഇവിടം മാറ്റിയെടുക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്‌പാണ് ഈ പരിപാടി.

കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ സമൂഹമനസാക്ഷിയെ ഉണർത്തുക, കുറ്റവാളികൾക്ക് കഠിന ശിക്ഷ ഉറപ്പാക്കുന്നതിനായി പൊതുസമൂഹത്തിൻറെ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. തലപ്പുഴ, തൊണ്ടർനാട്, വെള്ളമുണ്ട, മാനന്തവാടി,കാട്ടിക്കുളം, പുൽപ്പളളി, കേണിച്ചിറ, നടവയൽ, പനമരം കരണി, മീനങ്ങാടി, അമ്പലവയൽ, മീനങ്ങാടി എന്നിവിടങ്ങളിൽ പര്യടനം നടത്തി ബത്തേരിയിൽ സമാപിച്ചു. ജില്ലയിലെ പ്രധാന പട്ടണങ്ങളും മറ്റ് പ്രധാന ഗ്രാമപ്രദേശങ്ങളിലുമെല്ലാം പര്യടനം നടത്തി.