പത്തനംതിട്ട:
സൂര്യഗ്രഹണം നടക്കുന്നതിനാൽ നാളെ രാവിലെ 7.30 മുതല്‍ 11.30 വരെ ക്ഷേത്രനട അടച്ചിടും. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലെയും നടയും അടച്ചിടും. ഗ്രഹണസമയത്ത് ക്ഷേത്രനട തുറന്നിരിക്കുന്നത് ഉചിതമല്ലെന്നു ക്ഷേത്രം തന്ത്രി കണ്ഠരർ മഹേഷ് മോഹനർ അറിയിച്ചതിനെ തുടര്‍ന്നാണിത്.
നാളെ പുലര്‍ച്ചെ മൂന്നു മണിക്ക് തുറക്കുന്ന ക്ഷേത്രനട അഭിഷേകത്തിനും നെയ്യഭിഷേകത്തിനും ശേഷം ഉഷപൂജ കഴിഞ്ഞ് 7.30-ന് അടയ്ക്കും. പിന്നീട് ഗ്രഹണം കഴിഞ്ഞ് 11.30-ന് നടതുറന്ന് പുണ്യാഹം കഴിഞ്ഞതിന് ശേഷം മാത്രമെ ഉച്ചപൂജയ്ക്കുള്ള നിവേദ്യം പാകം ചെയ്യുകയുള്ളു. ഇതനുസരിച്ച് പൂജാസമയങ്ങള്‍ ക്രമീകരിക്കുന്നതാണെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സൂര്യഗ്രഹണം ദൃശ്യമാകുക. മറ്റുജില്ലകളിൽ ഭാഗിക ഗ്രഹണം കാണാൻ സാധിക്കും. 2010 ജനുവരി 15നാണ് കേരളത്തിൽ അവസാനമായി വലയഗ്രഹണം ദൃശ്യമായത്.