Wed. Nov 6th, 2024
#ദിനസരികള്‍ 947

നിരത്തുകളില്‍ പൊലിഞ്ഞുപോകുന്ന ജീവനുകളെ മുന്‍നിറുത്തി ഹെല്‍മറ്റ് നിയമത്തില്‍ വെള്ളം ചേര്‍ക്കരുത് എന്നാവശ്യപ്പെടുന്ന മാതൃഭൂമിയുടെ ഇന്നത്തെ എഡിറ്റോറയില്‍ നാം കാണാതെ പോകരുത്. വളരെ പ്രസക്തമായ ഒരു വിഷയം അതിന്റെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കിക്കൊണ്ട് കൃത്യമായ സമയത്തുതന്നെ അവതരിപ്പിച്ചിരിക്കുന്നു.

കൂടാതെ ഇന്നലെ മാതൃഭൂമി തന്നെ പ്രസിദ്ധീകരിച്ച ‘മറക്കരുത് 2018 ലെ ഈ കണക്കുകള്‍’ എന്ന വാര്‍ത്ത കൂടി പരിഗണിക്കുക.” “റോഡപകടത്തില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് നമ്മുടെ രാജ്യം.2015 ല്‍ ഒരു ലക്ഷം പേരും 2016 ല്‍ ഒന്നര ലക്ഷം പേരുമാണ് റോഡില്‍ മരിച്ചത്.

ഒരു വലിയ യുദ്ധത്തില്‍ മരിക്കുന്നവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണിത്.2018 ല്‍ മാത്രം അപകടത്തില്‍ കുടുങ്ങിയ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ച 43614 പേരാണ് മരിച്ചത്.ഇതില്‍ വാഹനമോടിച്ച 28250 പേരും പിന്‍സീറ്റിലുള്ള 15364 പേരുമാണുള്ളത്.

ഇതില് കേരളത്തിന്റെ പങ്ക് 1121 പേരാണ്.612 പേര്‍ വാഹനമോടിച്ചവരും 509 പേര്‍ പിന്‍സീറ്റിലിരുന്നവരും.ഭൂവിസ്തൃതിയില്‍ രാജ്യത്തിന്റെ 1.18 ശതമാനം മാത്രമുള്ള കേരളം റോഡപകടങ്ങളില്‍ എട്ടുമുതല്‍ പന്ത്രണ്ടു ശതമാനം വരെ വഹിക്കുന്നു. ഒരു ദിവസം കേരളത്തില്‍ ശരാശരി നൂറു വാഹന അപകടങ്ങളുണ്ടാകുന്നു” എന്ന് എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ കണക്ക് ആരേയും ഞെട്ടിക്കേണ്ടതാണ്. റോഡുകളുടെ ശോച്യാവസ്ഥയും അലസമായ ഡ്രൈവിംഗും കൂടിയാകുമ്പോള്‍ അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.ആകെയുള്ള വാഹനങ്ങളില്‍ അറുപത്തിനാലു ശതമാനവും ഇരുചക്രവാഹനങ്ങളാണ്. ഏറ്റവും കൂടുതല്‍ അപകടങ്ങളില്‍ പെടുന്നതും ഇവതന്നെയാണ്.

ഒരു ദിവസം വാഹന അപകടങ്ങളില്‍ മരിക്കുന്നത് 14 പേരാണ് എന്നാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതില്‍ പകുതിയിലേറെയും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ്. അതില്‍ത്തന്നെ അമ്പതു ശതമാനത്തിലേറെയും തലയ്ക്കു പരിക്കുപറ്റിയാണ് മരണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഹെല്‍മറ്റ് ധരിക്കുകയെന്നത് റോഡു സുരക്ഷയുടെ വിട്ടുവീഴ്ചയില്ലാത്ത മാനദണ്ഡമാകേണ്ടതുണ്ട്.

പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് സര്‍ക്കാറിന് നിയമം കര്‍ശനമാക്കാന്‍ സഹായകമാകും. ബാക്കിയുള്ള ഏതു വ്യവസ്ഥയിലും ഇളവ് അനുവദിച്ചാലും ഹെല്‍മറ്റിന്റെ കാര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍‌‌ദ്ദേശശത്തെ അതിന്റെ പ്രാധാന്യം മനസ്സിലാക്കി നടപ്പിലാക്കണം.

അതോടൊപ്പം തന്നെ നിരത്തിലെ കൊലപാതകങ്ങളെ എങ്ങനെ ഇല്ലാതാക്കാം എന്ന നിലയ്ക്കുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ വളരെ ശക്തമായി ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാക്കണം. മുന്‍സീറ്റു യാത്രക്കാരന് ഹെല്‍മറ്റ് കര്‍ശനമാക്കിയ നാളുകളിലുണ്ടായ ഒരു വിമര്‍ശനത്തിന് അപ്പുറമൊന്നും ഇവിടേയും കടന്നു പോകില്ല. നിയമം കര്‍ശനമാകുന്നതോടെ അതൊരു സ്വാഭാവികതയായി സമൂഹത്തിലേക്ക് സ്ഥാപിക്കപ്പെട്ടുകൊള്ളും.

അതുകൊണ്ട് മുന്‍സീറ്റുയാത്രക്കാരനെന്ന പോലെ പിന്‍സീറ്റുയാത്രക്കാരനും ഹെല്‍മറ്റ് കര്‍ശനമാക്കിക്കൊണ്ട് റോഡപകടങ്ങളിലെ മരണം കുറച്ചു കൊണ്ടു വരാനുള്ള നടപടികള്‍ സ്വീകരിക്കുക തന്നെയാണ് ഏതൊരു സര്‍ക്കാറിന്റേയും മുന്നിലുള്ള വഴി.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.