Reading Time: 2 minutes
#ദിനസരികള്‍ 948

മുദ്രാവാക്യങ്ങള്‍ കേവലം ആവശ്യങ്ങളെ മാത്രമല്ല, സമൂഹത്തിന്റെ സമരോത്സുകമായ ചലനാത്മകതയെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ നാം മുഴക്കിയ മുദ്രാവാക്യങ്ങളുടെ ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഒരു ജനത പിന്നിട്ടു പോന്ന കാലത്തിന്റെ നേര്‍ച്ചിത്രം കൂടി അവയില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. ഒന്നു കൂടി വിശദമാക്കിയാല്‍ സാമൂഹ്യമായ മുന്നേറ്റത്തിന്റേയും , പിന്നോട്ടടിക്കലുകളുടേയുമൊക്കെ സൂചകങ്ങളും ചരിത്ര രചനയിലെ സമാന്തരരേഖകളുമായി നാം വിളിക്കുകയും ഏറ്റുവിളിക്കുകയും ചെയ്ത മുദ്രാവാക്യങ്ങള്‍ മാറുന്നുവെന്ന് കാണാം.

“ഉരിയരിപോലും കിട്ടാനില്ല
പൊന്നു കൊടുത്താലും
ഉദയാസ്തമനം പീടിക മുന്നില്‍
നിന്നു നരച്ചാലും”

എന്ന മുദ്രാവാക്യം കോളനിക്കാലത്തെ അരിക്ഷാമത്തോളമെത്തുന്നുണ്ട്. തങ്ങളെ ഭരിക്കുന്നവരോടുള്ള എതിര്‍പ്പിനോടൊപ്പം രാജ്യത്തിന്റെ അവസ്ഥ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കപ്പെടേണ്ട ആവശ്യകതയെക്കുറിച്ചും ആ ജനതയ്ക്ക് അറിയാമായിരുന്നു.അതുകൊണ്ടാണ്

“തടംതല്ലിതകർക്കുമീ
തടിനിയിലൂടെ നമ്മള്‍
മടിയാതെ സഹജരേ
തുഴഞ്ഞു പോക
അമരത്ത് ഗാന്ധി നിന്നാല്‍
അണിയത്ത് നെഹ്റു നിന്നാല്‍
സുമധുരം സരോജിനി പാടിയും തന്നാല്‍” എന്ന സ്വപ്നം പുറപ്പെട്ടുപോന്നത്. അത് പതിയെപ്പതിയെ ഒരു നാടിന്റെ ആവശ്യമായി മാറുന്നുണ്ട്. ഒരു പടപ്പാട്ടിന്റെ പ്രചോദനാത്മകമായ ആര്‍ജ്ജവത്തോടെ എല്ലാവരേയും അണി നിരക്കാന്‍ ക്ഷണിക്കുന്ന ആവേശമായി പിന്നീട് അതേ മുദ്രാവാക്യം രൂപം കൊള്ളുന്നു.

“വരിക വരിക സഹജരേ സഹന സമര സമയമായ്
കരളുറച്ച് കൈകള്‍ കോര്‍ത്ത് കാല്‍ നടക്കു പോക നാം
കണ്‍തുറന്നു നോക്കുവിന്‍ കൈകള്‍ കോര്‍ത്തിറങ്ങുവിന്‍
കപടകുടില ഭരണകൂടമിക്ഷണം തകര്‍ക്ക നാം.
ബ്രിട്ടനെ വിരട്ടുവിന്‍ ചട്ടമൊക്കെ മാറ്റുവിന്‍
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിലച്ചിടാ” –

അംശി നാരായണ പിള്ള എഴുതിയ ഈ വരികള്‍ ഒരിക്കലെങ്കിലും ചൊല്ലിപ്പോകാത്ത ആരും തന്നെ കേരളത്തിലുണ്ടായിരുന്നില്ല. കാരണം ആ വരികളില്‍ പൂവിട്ടു നിന്നിരുന്നത് ഒരു ജനതയുടെ സ്വപ്നമായിരുന്നു. ബ്രിട്ടന്റെ കാല്‍ക്കീഴില്‍ നിന്നും മോചിപ്പിക്കപ്പെട്ട് സ്വതന്ത്രമായ ഒരു രാജ്യത്ത് ജീവിച്ചു മരിക്കുന്നതിനെക്കുറിച്ച് ആ വരികള്‍ അവരെ പ്രകോപനപരമായി പ്രേരിപ്പിച്ചു. നാളെ വരുന്ന തലമുറയെങ്കിലും സ്വാതന്ത്ര്യത്തിന്റെ വെണ്‍‌കൊറ്റക്കുടയ്ക്കു കീഴില്‍ ജീവിക്കാനുള്ള അവസരമുണ്ടാക്കുന്നതിനു വേണ്ടി തങ്ങളുടെ ജീവിതം പോലും ത്യജിക്കുവാന്‍ ആ നിസ്വാര്‍ഥികള്‍ തയ്യാറായിരുന്നു.

ഏറ്റവും കുറഞ്ഞ വാക്കുകളില്‍ ഏറ്റവും കനത്ത പ്രഹരമേല്പിക്കാന്‍ കഴിയുക – അതാണ് ഓരോ മുദ്രാവാക്യത്തിനും ആന്തരിക ശക്തി പകരുന്നത്.കേള്‍ക്കുന്നവന് എന്താണ് തങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന ആശയമെന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം ഗ്രഹിക്കാന്‍ കഴിയണം. അത്തരത്തിലുള്ള സജീവത പുലര്‍ത്തുന്നവയാണ് മലയാളത്തില്‍ ജനപ്രീതിയാര്‍ജ്ജിച്ച ഏറിയ മുദ്രാവാക്യങ്ങളും തന്നെ.

എന്നാല്‍ അത്തരത്തിലല്ലാത്തവയും ധാരാളമായിട്ടുണ്ട്. നിഗ്രഹോത്സുകതയും അധിക്ഷേപപരവുമായ മുദ്രാവാക്യങ്ങളും നാം ധാരാളമായി കേട്ടിട്ടുണ്ട്.ഒരുദാഹരണം നോക്കുക

“ഗൌരിച്ചോത്തിയെ മടിയിലിരുത്തി
നാടുഭരിക്കും നമ്പൂരി
ഗൌരിച്ചോത്തീടെ കടിമാറ്റാന്‍
കാച്ചിയതാണീ മുക്കൂട്ട്”-

എന്ന മുദ്രാവാക്യം വിളിച്ചവരില്‍ എത്ര സാമൂഹ്യവിരുദ്ധമായ ആശയങ്ങളാണ് അടങ്ങിയിരിക്കുന്നതെന്ന് ആലോചിച്ചു നോക്കുക.ജാതീയതയും അശ്ലീലവുമെല്ലാം ഒരുപോലെ കൂട്ടിക്കെട്ടി അനാദരണീയമായിട്ടാണ് എതിരാളികളെ ഒരു കാലത്ത് കൈകാര്യം ചെയ്തിരുന്നതെന്ന് ആ മുദ്രാവാക്യം വ്യക്തമാക്കുന്നു.ഒരു വശത്ത് ഉദ്ഗ്രഥനാത്മകമായ വഴികളിലൂടെ ജനതയെ ആനയിക്കാന്‍ തുനിഞ്ഞിറങ്ങിയവരും മറുവശത്ത് നേരെ എതിര്‍വഴികളിലേക്ക് ഉന്തിനടത്തിയവരും എല്ലാക്കാലതത്തുമുണ്ടായിരുന്നുവെന്ന് ഈ മുദ്രാവാക്യങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നവര്‍ക്ക്‌ കാണാം.
( തുടരും )

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Advertisement