Wed. Jan 22nd, 2025
കൊച്ചി:

വാളയാറില്‍ സഹോദരികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയുമാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വിചാരണ കോടതി വെറുതെ വിട്ട നാലു പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് നല്‍കുകയും ചെയ്തു.

കേസില്‍ തുടക്കം മുതല്‍ പോലീസിന്‍റെയും, പ്രോസിക്യൂഷന്‍റെയും ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെന്നത് ശരിവച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പോക്സോ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലത ജയരാജിനെ പുറത്താക്കിയത് ഈ തിരിച്ചറിവിന്‍റെ ഭാഗമായാണ്. പോലീസ് വീഴ്ചയെപ്പറ്റി അന്വേഷണം നടന്നു വരികയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ചിലര്‍ നല്‍കിയ രഹസ്യ മൊഴി കോടതിയില്‍ ഹാജരാക്കാതിരുന്നത് പ്രോസിക്യൂഷന്‍റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണ്. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ ആരോപിച്ചിരുന്നു.

കേസിന്‍റെ ആദ്യഘട്ടത്തില്‍ ഒരു സാധാരണ കേസ് അന്വേഷിക്കുന്ന ലാഘവത്തിലായിരുന്നു പൊലീസിന്‍റെ നടപടികള്‍. മൂത്തകുട്ടി മരിച്ചപ്പോള്‍ തന്നെ ലൈംഗികാതിക്രമത്തിന്‍റെ സാധ്യതകള്‍ ലഭിച്ചിരുന്നെങ്കിലും ആഴത്തിലുള്ള അന്വേഷണം നടക്കാത്തതിനാലാണ് ഇളയ കുട്ടിയും മരണപ്പെട്ടതെന്ന് സര്‍ക്കാര്‍ ഉന്നയിച്ചു.

കേസില്‍ അടിയന്തിര അന്വേഷണം അംഗീകരിച്ചു കൊണ്ട് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം.