Mon. Dec 23rd, 2024
എറണാകുളം:

 

എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനത്തിന് കലാസ്വാദകരുടെ വന്‍ സ്വീകാര്യത. മൂന്ന് പ്രദര്‍ശനങ്ങളാണ് ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയിരിക്കുന്നത്.

യുവ ചിത്രകാരന്‍ വെെശാഖ് വിജയന്‍, 30 വര്‍ഷത്തോളം ചിത്രകലയില്‍ സജീവമായ ടി എന്‍ സുബോധ് കുമാര്‍, ആറന്മുള വാസ്തു വിദ്യാ ഗുരുകുലം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ചിത്ര പ്രദര്‍ശനമാണ് ആര്‍ട്ട് ഗാലറിയില്‍ വിസ്മയം തീര്‍ക്കുന്നത്.

നവംബര്‍ 14 മുതല്‍ തുടങ്ങിയ വെെശാഖ് വിജയന്റെ ചിത്രപ്രദര്‍ശനം ഇന്ന് അവസാനിക്കും. ആക്ടിവിസ്റ്റും സാമൂഹിക ചിന്തകനുമായ മെെത്രേയനാണ് വെെശാഖിന്റെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

യാത്രകള്‍ ഒരുപാട് ചെയ്യുമായിരുന്നെന്നും, ആ യാത്രകളില്‍ നിന്ന് കണ്ട കാഴ്ചകളും അനുഭവങ്ങളുമാണ് ചിത്രത്തിലേക്ക് ആലേഖനം ചെയ്തിരിക്കുന്നതെന്ന് വെെശാഖ് വിജയന്‍ വോക്ക് മലയാളത്തോട് പ്രതികരിച്ചു.

ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ, നിറച്ചാര്‍ത്തെന്ന പേരിലുള്ള ചിത്രപ്രദര്‍ശനം ഈ മാസം 24 വരെ നീണ്ടുനില്‍ക്കും. പ്രകൃതിയില്‍ നിന്നുള്ള നിറങ്ങള്‍ കൊണ്ട് വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ കൂടുതലും.

മിത്തുകള്‍, സാമൂഹിക സാഹചര്യങ്ങളുടെ പ്രതിഫലനങ്ങള്‍, പ്രണയം, കാമം, വിരഹം, ഏകാന്തത, മരണം തുടങ്ങി വെെയക്തികമായ അവസ്ഥാന്തരങ്ങളാണ് സുബോധ് കുമാറിന്റെ ചിത്രങ്ങളിലുള്ളത്.

സിദ്ധാര്‍ത്ഥനില്‍ നിന്ന് ബുദ്ധനിലേക്കുള്ള പ്രയാണത്തെയും ബുദ്ധജീവിതത്തില്‍ കലര്‍ന്നു കിടക്കുന്ന മിത്തിനെയും ചരിത്രത്തെയും അലങ്കാരപ്രധാനമാക്കി ഒരുക്കിയ ചിത്രങ്ങള്‍ അക്രിലിക്കിലാണ്. ജലച്ചായവും, ഡ്രെെ പെയ്സ്റ്റലും ഗോഷെയും പേനയും മഷിയും മാധ്യമമാക്കി വരച്ച ചിത്രങ്ങളും സുബോധ് കുമാറിന്റെ പക്കലുണ്ട്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുവര്‍ ചിത്രത്തെ പുതുതലമുറയ്ക്കിടയിലും കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യമാണ് ആറന്മുള വാസ്തുവിദ്യാഗുരുകുലം പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പ്രദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ആര്‍ എം ശിവരത്നം, ഗ്രേസി ഫിലിപ്പ്, അംബിക രാധാകൃഷ്ണന്‍, സജു, കീര്‍ത്തി രാജീവ്, ടി വി ശ്രീജിത്ത്, സുജിത്ത് മുതുകുളം എന്നീ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേതാണ് ചിത്രപ്രദര്‍ശനം. പ്രകൃതിദത്ത നിറങ്ങളാണ് കൂടുതല്‍ പേരും ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ഈ ചിത്രങ്ങളുടെ സവിശേഷത.

 

By Binsha Das

Digital Journalist at Woke Malayalam