Sun. Dec 22nd, 2024
ബംഗളൂരു:

ബിജെപിയുമായി കൈകോര്‍ക്കുന്നതില്‍ വിമുഖതയില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും, ജെ‍ഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. കർണാടകയിൽ ഡിസംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കുമാരസ്വാമിയുടെ ബിജെപി അനുകൂല പ്രസ്താവന.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സ്-ശിവസേന സഖ്യ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. 15 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം ബിജെപിക്കു കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ ന്യൂനപക്ഷമാകും. ഈ സാഹചര്യം മുന്നിൽകണ്ടാണ് വേണ്ടി വന്നാൽ ബിജെപിയെ പിന്തുണയ്ക്കാനും മടിക്കില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കിയത്.

മഹാരാഷ്ട്രയിൽ ബിജെപി പിന്തുടരുന്നത് മൃദുഹിന്ദുത്വമാണ്. എന്നാൽ ശിവസേനയുടെത് തീവ്രഹിന്ദുത്വ നിലപാടാണെന്നും ശിവസേനയേക്കാൾ ഭേദം ബിജെപിയാണെന്നും കുമാരസ്വാമി പറഞ്ഞു. ഇപ്പോൾ ശിവസേനയുമായി കൂട്ടുകൂടുന്നവർ അന്ന് ബിജെപി ബന്ധത്തിന്‍റെ പേരിൽ പരിഹാസം ചൊരിയരുതെന്നും കുമാരസ്വാമി പ്രതികരിച്ചു. അവസരവാദ രാഷ്ട്രീയം കളിക്കുന്നവർ ജെഡിഎസിനെ പരിഹസിക്കേണ്ടതില്ലെന്നും കുമാരസ്വാമി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിനു ശേഷം ജെഡിഎസ് ബിജെപി ക്യാംപിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു കുമാരസ്വാമിയുടെ പ്രസ്താവന. സിറ്റിങ് സീറ്റുകൾ നിലനിർത്തി ബിജെപി സർക്കാരിനെ താഴെയിറക്കാമെന്ന കോൺഗ്രസ് പ്രതീക്ഷകൾക്ക് തിരിച്ചടിയാണ് ജെഡിഎസ് നിലപാട്. അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാര്‍ക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീം കോടതി വിധിയോടെയാണ് കർണാടകയിൽ കാര്യങ്ങൾ തലകീഴായി മറിഞ്ഞത്.

സഖ്യസർക്കാർ താഴെ വീണതിനു തൊട്ടുപിന്നാലെ കർണാടകത്തിൽ കോൺഗ്രസ്– ജെഡിഎസ് ബന്ധം പിരിഞ്ഞു. കോണ്‍ഗ്രസ്സുമായി ഇനിയൊരു സഖ്യത്തിനു താൽപര്യമില്ലെന്നു ജെഡിഎസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.