എറണാകുളം:
നഗരത്തില്‍ വര്‍ണശഭളമായ ഘോഷയാത്ര ഒരുക്കി ക്വിയര്‍ പ്രെെഡ് 2019 ന് ഇന്ന് സമാപനം. ഹെെക്കോര്‍ട്ടിലെ വഞ്ചി സ്ക്വയറില്‍ വെെകുന്നേരം 3 മണിക്ക് തുടങ്ങിയ ക്വിയര്‍ പ്രെെഡ് റാലിയില്‍ നൂറുകണക്കിന് പേര്‍ ഒത്തുകൂടി.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യതയും അവകാശങ്ങളും വിളിച്ചോതികൊണ്ടാണ് എല്‍ജിബിടി കമ്മ്യൂണിറ്റി റാലിയില്‍ അണിനിരന്നത്.
പ്രളയത്തെത്തുടർന്ന് മാറ്റി വച്ച പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര ഇത്തവണ അതിഗംഭീരമായി തന്നെയാണ് ആഘോഷിച്ചത്. നൃത്തം ചെയ്തും, പാട്ടുപാടിയും, പരസ്പരം കെട്ടിപ്പുണര്‍ന്നും എല്‍ജിബിടി കമ്മ്യൂണിറ്റി ഈ പ്രെെഡ് മൂവ്മെന്‍റ് ആഘോഷിച്ചു.
വഞ്ചി സ്ക്വയറില്‍ നിന്ന് തുടങ്ങിയ പ്രെെഡ് റാലി വെെകുന്നേരത്തോടെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് 6 മണിക്ക് പൊതു സമ്മളനവും കലാസന്ധ്യയും അരങ്ങേറി.
മാരിവില്‍ വര്‍ണങ്ങള്‍ നിറഞ്ഞ പതാക വാനിലുയര്‍ത്തിയുള്ള ക്വിയര്‍ പ്രെെഡിന്‍റെ ആഘോഷം കാണാന്‍ വഞ്ചി സ്ക്വയറില്‍ വന്‍ ജനസഞ്ചയം തന്നെയുണ്ടായിരുന്നു.
ആരവങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ രഞ്ജിനി ഹരിദാസ്, ശീതള്‍ ശ്യാം, ദിയ സന തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
ലോകരാജ്യങ്ങളൊക്കെ ക്വിയര്‍ സമൂഹത്തെ കൂട്ടുപിടിക്കുമ്പോള്‍ കേരളം പോലൊരു സംസ്ഥാനം ഇത് ചെയ്യേണ്ടതാണെന്ന് റാലിയില്‍ പങ്കെടുത്തുകൊണ്ട് ശീതള്‍ ശ്യാം പ്രതികരിച്ചു.
ഒരുപാട് പേരുടെ ജീവിതങ്ങള്‍ പ്രെെഡിന് പറയാനുണ്ട്. ഒരുപാട് പേര്‍ക്ക് പ്രെെഡ് പ്രചോദനം ആയിട്ടുണ്ടെന്നും, സുപ്രീം കോടതി വിധിക്ക് ശേഷമുള്ള ഈ ഒരു പ്രെെഡ് വളരെ പ്രൗഡോഡ് കൂടി തന്നെയാണ് ആഘോഷിക്കുന്നതെന്നും ശീതള്‍ ശ്യാം കൂട്ടിച്ചേര്‍ത്തു.