Wed. Jan 22nd, 2025
കൊച്ചി:

ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യതയും അവകാശങ്ങളും ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയ്ക്ക് വീണ്ടും കേരളം വേദിയാകുന്നു. രണ്ട് ദിവസം നീണ്ടുനിന്ന ക്വിയര്‍ പ്രെെഡ് കേരളം 2019 ന്‍റെ സമാപനം ഇന്നാണ്.

ഇന്നലെ തുടങ്ങിയ പരിപാടി ക്വീർ പ്രൈഡ് മാർച്ചോടുകൂടി ഇന്ന് അവസാനിക്കും. പ്രളയത്തെത്തുടർന്ന് മാറ്റി വച്ച ലൈംഗിക സ്വാഭിമാന ഘോഷയാത്ര ഇത്തവണ അതിഗംഭീരമായി ആഘോഷിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം. സമാപന ദിവസമായ ഇന്ന്  2.30 മുതൽ മേനകക്കടുത്ത വഞ്ചി സ്ക്വയറിൽ നിന്നും മാർച്ച് ആരംഭിക്കും. ദർബാർ ഹാൾ ഗ്രൗണ്ടിൽ വൈകിട്ട് 6 മണിക്ക് പൊതു സമ്മളനവും കലാസന്ധ്യയും അരങ്ങേറും.

ആദ്യ ദിവസമായ ഇന്നലെ വിവിധ വിഷയങ്ങളില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു.’വിവാഹവും ക്വിയര്‍ ജീവിതങ്ങളും’, ‘ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ പ്രെെഡിന്‍റെ പത്ത് വര്‍ഷങ്ങള്‍’, തുടങ്ങിയ വിഷയങ്ങളിലാണ് ഇന്നലെ ചര്‍ച്ച സംഘടിപ്പിച്ചത്.

കേരളം ട്രാന്‍സ് ഫ്രണ്ട്ലിയാണെന്നു പറയുമെങ്കിലും അത് വെറുതെയാണെന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ട്രാന്‍സ് ജെന്‍ഡ്ര്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച ചിഞ്ചു അശ്വതി പറഞ്ഞു. ക്വിയര്‍ പ്രെെഡിനും രാഷ്ട്രിയ അധികാരത്തിലേക്ക് ഉള്‍പ്പെടെ  മുന്നേറ്റം കാണേണ്ടതുണ്ടെന്ന് ചിഞ്ചു പറഞ്ഞു.

അതേസമയം, ക്വിയര്‍ പ്രെെഡ് പത്ത് വര്‍ഷത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ചിഞ്ചു അശ്വതി കൂട്ടിച്ചേര്‍ത്തു. ഈ കമ്മ്യൂണിറ്റിയില്‍ നിന്ന് ആളുകള്‍ അറിയുന്ന ഒരുപാട് വ്യക്തിത്വങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കില്‍ പോലും ഇപ്പോഴും ക്വിയര്‍ എന്ന് പറയുന്ന സമുദായത്തിനെ സ്വീകരിക്കാനുള്ള ആളുകളുടെ നിലപാട് വളര്‍ന്നിട്ടില്ല എന്നും ചിഞ്ചു വ്യക്തമാക്കി.

അതുകൊണ്ട് തന്നെ ഞങ്ങളും ഇവിടെയുണ്ട്, ഞങ്ങള്‍ക്കും രാഷ്ട്രീയ- സാമൂഹിക അധികാരം വേണം എന്ന് പറഞ്ഞുകൊണ്ടാണ് പത്താം വര്‍ഷത്തെ പ്രെെഡ് മുന്നോട്ട് വരുന്നതെന്ന് ചിഞ്ചു അശ്വതി കൂട്ടിച്ചേര്‍ത്തു.

By Binsha Das

Digital Journalist at Woke Malayalam