ന്യൂ ഡല്‍ഹി:
രാജ്യത്ത് പതിമൂന്ന് പ്രമുഖ നഗരങ്ങളില്‍ വിതരണം ചെയ്യപ്പെടുന്ന പൈപ്പ് വെള്ളം ഗുണനിലവാരമില്ലാത്തതും കുടിക്കാന്‍ യോഗ്യമല്ലാത്തതുമെന്ന് കേന്ദ്രസര്‍ക്കാര്‍. 21 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പസ്വാനാണ് പുറത്തുവിട്ടത്. കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം വിതരണം ചെയ്യുന്നതില്‍ കേരളത്തിലെ തിരുവനന്തപുരവുമുണ്ട്.
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് കുടിക്കാന്‍ യോഗ്യമായ പൈപ്പ് വെള്ളം ലഭിക്കുന്നത് മുംബൈയില്‍ മാത്രമാണെന്നും റിപ്പോര്‍ട്ട് പുറത്തുവിടവെ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ 11 സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച പൈപ്പ് വെള്ളത്തിന്‍റെ സാമ്പിളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു.
ചണ്ഡിഗഡ്, പാട്‌ന, ഭോപാല്‍,ഗുവാഹട്ടി, ബെംഗളൂരു, ഗാന്ധിനഗര്‍, ലഖ്‌നൗ, ജമ്മു, ജയ്പുര്‍,ഡെറാഡുണ്‍, ചെന്നൈ, കൊല്‍ക്കത്ത എന്നിവയാണ് മറ്റ് നഗരങ്ങള്‍.
ജനങ്ങള്‍ക്ക് കുടിക്കാന്‍ യോഗ്യമായ, ശുദ്ധമായ വെള്ളം പൈപ്പില്‍ നിന്ന് ലഭിക്കണം. രോഗങ്ങളുണ്ടാക്കുന്ന വെള്ളം അവര്‍ക്ക് ലഭിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ എന്ത് സഹായമാണ് കേന്ദ്രം നല്‍കേണ്ടതെന്ന് സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി ചോദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്‍റെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് പൈപ്പ് വെള്ളത്തിന്‍റെ നിലവാരം പരിശോധിച്ചത്. യൂറോപ്പ് ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ പൈപ്പ് വെള്ളം കുടിക്കാന്‍ യോഗ്യമാണോയെന്ന് വ്യക്തമായി സാക്ഷ്യപ്പെടുത്തി എഴുതിയിട്ടുണ്ടാകും. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം സംവിധാനമില്ല. ഇന്ത്യയിലെ പൈപ്പ് വെള്ളത്തിന്‍റെ നിലവാരം എങ്ങനെ ആയിരിക്കണമെന്ന് നിശ്ചയിക്കാന്‍ നിയോഗിച്ചിരിക്കുന്നത് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിനെയാണ്.
48 ഘടകങ്ങള്‍ പരിശോധിച്ചാണ് പൈപ്പ് വെള്ളം കുടിക്കാന്‍ യോഗ്യമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. 2020 ഓഗസ്റ്റ് 15 ഓടെ രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലെയും പൈപ്പ് വെള്ളത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവരും.