Fri. Apr 26th, 2024
നിലയ്ക്കല്‍:

മണ്ഡല മകരവിളക്കുത്സവത്തിന് ശബരിമല നട തുറന്നു. യുവതികളില്ലെന്ന് ഉറപ്പു വരുത്താന്‍ നിലയ്ക്കല്‍-പമ്പ കെഎസ്ആര്‍ടിസി ബസില്‍ വനിത പോലീസ് പരിശോധന കര്‍ശനമാക്കി.

അയ്യപ്പ ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശികളായ പത്ത് യുവതികളെ പോലീസ് തിരിച്ചയച്ചിരുന്നു. വിജയവാഡയില്‍ നിന്നെത്തിയ പതിനഞ്ചംഗ സംഘത്തിലെ യുവതികളുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ചതിനു ശേഷം പ്രായം അമ്പതില്‍ താഴെയാണെന്ന് തെളി‍‍ഞ്ഞതിനാലാണ് തിരിച്ചയച്ചത്.

ബസുകളില്‍ കയറി സ്ത്രീകളുണ്ടോയെന്നും ഉണ്ടെങ്കില്‍ അവരുടെ ഐഡന്റിറ്റി കാര്‍ഡുമാണ് പോലീസ് പരിശോധിക്കുന്നത്. സ്ത്രീകള്‍ നിലയ്ക്കല്‍ വിട്ട് പോകരുത് എന്ന നിര്‍ദേശമാണ് പൊലീസ് നല്‍കുന്നത്. ഇതിനായി നൂറോളം വനിതാ പൊലീസുകാരെയാണ് പരിശോധനയ്ക്കായി നിലയ്ക്കലില്‍ നിയോഗിച്ചിട്ടുള്ളത്.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകുന്ന വാഹനങ്ങളിലെല്ലാം പൊലീസ് കയറിയിറങ്ങുകയാണ്. സ്ത്രീകള്‍ ഉണ്ടെങ്കില്‍ തിരിച്ചുപോകുക എന്ന നിര്‍ദേശമാണ് പൊലീസ് നല്‍കുന്നത്. 4000 തീര്‍ത്ഥാടകരാണ് ആദ്യത്തെ രണ്ട് മണിക്കൂറില്‍ സന്നിധാനത്തേക്ക് എത്തിയത്. ഇന്ന് മറ്റു പ്രതിഷേധങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.