Wed. Jan 22nd, 2025
തിരുവനന്തപുരം:

 
ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ യുവതിപ്രവേശനം ഉടന്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം. നിയമോപദേശം തേടി ആക്ഷേപങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നീക്കം. 2018 സപ്തംബര്‍ 28 ന് പുറപ്പെടുവിച്ച യുവതീ പ്രവേശന വിധിയിലെ പല ഭാഗങ്ങളും വിശാല ബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിലാണ് വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള തീരുമാനമുണ്ടായത്.

ഇതിന്റെ ഭാഗമായി നിയമപരമായ കാര്യങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ ബാധ്യതപ്പെട്ട അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദും, ലോ സെക്രട്ടറിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ശബരിമല വിഷയം ഏഴംഗ വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീംകോടതി ഉത്തരവോടു കൂടി പഴയ വിധി നടപ്പിലാക്കേണ്ട കാര്യമില്ലെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ തീരുമാനമാണ് ഇക്കാര്യത്തില്‍ ആവശ്യം.

വിഷയത്തില്‍ കൂടുതല്‍ വ്യക്തതയും നിയമ പിന്തുണയും ആവശ്യമായതിനാല്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന അഭിഭാഷകരുടെ ഉപദേശവും തേടുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകളും നിര്‍ണ്ണായകമാണ്.

അതേസമയം, ശബരിമല വിഷയത്തില്‍ പഴയ വിധി നിലനില്‍ക്കുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകന്‍ ജയദീപ് ഗുപ്ത വിശദീകരിച്ചു. മണ്ഡലപൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്.