Sun. Dec 22nd, 2024
മുംബൈ:

മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ്സ് സഖ്യസര്‍ക്കാര്‍ ഭരണമേറ്റെടുക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മൂന്ന് പാർട്ടിയിലെ നേതാക്കൾ നാളെ ഗവർണറെ കാണും. ശിവസേനയ്ക്ക് 5 വർഷവും മുഖ്യമന്ത്രി പദം നൽകി, എൻസിപിയും കോൺഗ്രസും ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുകയെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയിലേക്കാണ് ചര്‍ച്ചകള്‍ എത്തി നില്‍ക്കുന്നത്.

ശിവസേന നേതാവ് ഉദ്ധവ് താക്കറെ സോണിയഗാന്ധിയെ കണ്ട് ചർച്ച നടത്തും. മൂന്നു കക്ഷികളും 48 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനത്തിലെത്തിയിരിക്കുന്നത്.

പൊതുമിനിമം പരിപാടിയുടെ കരടിന് രൂപം നൽകുകയും ചെയ്തു. ധാരണയനുസരിച്ച് സേന നയിക്കുന്ന സർക്കാരിൽ എൻസിപിക്ക് 14 മന്ത്രിമാരും കോൺഗ്രസിന് 12 മന്ത്രിമാരും ഉണ്ടാകുമെന്നാണ് വിവരം.

മുഖ്യമന്ത്രി പദത്തെ ചൊല്ലിയായിരുന്നു സേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കം, അതിനാല്‍ ഞങ്ങളാരും തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരിക്കാൻ പോകുന്നില്ല എന്ന് എൻസിപി നേതാവ് നവാബ് മാലിക് പറ‍ഞ്ഞു. മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്കു തന്നെയെന്ന സൂചനയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തി.

എന്‍സിപിയും കോണ്‍ഗ്രസ്സും മുഖ്യമന്ത്രിസ്ഥാനം പങ്കിടുമോയെന്ന ചോദ്യത്തിന്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അ‍ഞ്ചല്ല, 25 കൊല്ലം മഹാരാഷ്ട്ര ഭരിക്കുമെന്നായിരുന്നു സഞ്ജയ് റാവത്തിന്‍റെ മറുപടി.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ  ബാലാസാഹെബ് തോറാട്ടും എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലും, ഉദ്ധവുമായി ചർച്ച നടത്തിയതിന്‍റെ വെളിച്ചത്തിലാണ് ഒത്തുതീർപ്പിനു സാധ്യത തെളിഞ്ഞത്. മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ആവശ്യത്തിൽ നിന്ന് എൻസിപി പിന്നോട്ടു പോകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂനപക്ഷത്തെ ചേർത്തുനിർത്താനുള്ള പാക്കേജുകളും ബിജെപി ചായ്​വുള്ള ഉത്തരേന്ത്യൻ കുടിയേറ്റക്കാരെ ആകർഷിക്കാനുള്ള പദ്ധതികളും കോൺഗ്രസും എൻസിപിയും പൊതുമിനിമം പരിപാടിയിൽ മുന്നോട്ടു വച്ചിരുന്നു.

രാമക്ഷേത്രം, ഏകീകൃത സിവിൽ കോഡ് എന്നീ വിഷയങ്ങളിലും, ഹിന്ദുത്വ അജണ്ടയിലും സേനയുടെ നിലപാട് ഇനിയെന്താകുമെന്ന് ഉറ്റു നോക്കുകയാണ് ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ലോകം.