Fri. Nov 22nd, 2024
#ദിനസരികള്‍ 940

“ഭരണഘടനയുടെ ഓരോ അനുച്ഛേദവും മനപ്പാഠമാക്കുകയല്ല, മറിച്ച് ഈ രാഷ്ട്രീയ രേഖയുടെ അന്തസ്സത്ത ഉള്‍‌ക്കൊള്ളുകയാണ് ഓരോ പഠിതാവും ചെയ്യേണ്ടത്. എന്താണ് ഓരോ അനുച്ഛേദത്തിന്റേയും വിവക്ഷ എന്നറിയാന്‍ സാക്ഷരനായ ഏതൊരാള്‍ക്കും ഇന്‍റര്‍‌നെറ്റ് കാലഘട്ടത്തില്‍ യാതൊരു പ്രയാസവും ഉണ്ടാവുകയില്ല. അതിനാല്‍ ഭരണഘടനയുടെ ആത്മാവിനെ അറിയുക എന്നതാണ് പ്രധാനം” എന്ന് തുറന്നെഴുതിക്കൊണ്ടാണ് ശ്രീ കാളീശ്വരം രാജ് ഇന്ത്യന്‍ ഭരണഘടന – പാഠങ്ങള്‍ , പാഠഭേദങ്ങള്‍ എന്ന പുസ്തകം തുടങ്ങുന്നത്.

അതുകൊണ്ടുതന്നെ അനുച്ഛേദങ്ങളേയോ പട്ടികകളെയോ ക്രമാനുക്രമമായി അദ്ദേഹം തന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നില്ല.എന്നാല്‍ ഭരണഘടന ഉയര്‍ത്തിക്കാണിക്കുന്ന പ്രധാനപ്പെട്ട ആശയങ്ങളെ അവയുടെ പ്രാധാന്യമനുസരിച്ചുകൊണ്ട് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. അത്രയധികം ആഴത്തില്‍ പോകേണ്ടതില്ലാത്ത ഒരു വായനക്കാരന് പൊതുവേ ഭരണഘടനയുടെ ആശയാദര്‍ശങ്ങളെന്തൊക്കെയെന്ന് മനസ്സിലാക്കുവാന്‍ ഈ പുസ്തകം വളരെയേറെ ഉപകരിക്കും.

ഇന്ത്യന്‍ ഭരണഘടന എന്താണെന്ന് മനസ്സിലാക്കാന്‍ ഏറെയൊന്നും പണിപ്പെടേണ്ടതില്ലെന്നതാണ് വസ്തുത. ലോകത്തെ ഏറ്റവും വലുപ്പമുള്ള ഈ ഭരണഘടന മുന്നോട്ടു വെയ്ക്കുന്ന അടിസ്ഥാനപ്രമാണങ്ങളെന്ന് അതിന്റെ ആമുഖം അഥവാ പീഠിക വ്യക്തമാക്കിത്തരും.

”നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി,ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം,സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം,എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.” എന്നാണ് ആമുഖം.

പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യറിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന ഈ അടിസ്ഥാനരേഖയില്‍ നമ്മുടെ രാജ്യത്തിന്റെ ഘടനാപരമായ സ്വഭാവ സവിശേഷതകള്‍ എല്ലാം തന്നെയുണ്ട്. അവയില്‍ സോഷ്യലിസം, മതേതരത്വം എന്നീ രണ്ടു വാക്കുകള്‍ അടിയന്തിരാവസ്ഥക്കുക ശേഷം കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണെങ്കിലും ഒരു ജനാധിപത്യ രാജ്യത്തിന്റെ ആശയാദര്‍ശങ്ങളോട് ചേര്‍ന്നു പോകുന്നവയാണ്.

ഭരണഘടനയെത്തന്നെ റദ്ദു ചെയ്തുകളഞ്ഞ ഇന്ദിരാഗാന്ധിയെപ്പോലെയുള്ള ഒരു ഏകാധിപതിയായ ഒരു പ്രധാനമന്ത്രിയാണ് അര്‍ത്ഥവത്തായ ഈ മാറ്റം കൊണ്ടു വന്നതെന്നതുകൂടി മനസ്സിലാക്കുക. ചില മുതലെടുപ്പുകളാണ് അന്ന് ഇങ്ങനെയൊരു നീക്കം നടത്തുമ്പോള്‍ അവരുടെ മനസ്സിലുണ്ടായിരുന്നതെങ്കിലും അവ ഇന്ന രാജ്യത്തിന് പ്രദാനം ചെയ്യുന്ന കരുതലിനെ നാം അവഗണിക്കേണ്ടതില്ലതന്നെ.

ഈ പീഠികയെ മാറ്റാമോ എന്നൊരു ചോദ്യം 1973 ല്‍ കേശവാനന്ദ ഭാരതി കേസില്‍ ഉയര്‍ന്നപ്പോള്‍ അടിസ്ഥാന ഘടനകളില്‍ ഒരു തരത്തിലുള്ള മാറ്റങ്ങളും വരുത്താന്‍ കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കുകയുണ്ടായി.
ഫെഡറല്‍ ഘടനയിലാണ് രാഷ്ട്രം പ്രവര്‍ത്തിക്കുന്നത്.ഏറ്റവും ലളിതമായി പറഞ്ഞാല്‍ തങ്ങളുടേതായ ഇടങ്ങളില്‍ തങ്ങള്‍തന്നെയാണ് ശക്തര്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാറിലൂടെ പ്രാദേശിക തലത്തിലെ ഗ്രാമസഭകളോളം ഇതു നീങ്ങിയെത്തേണ്ടതുണ്ട്.പരസ്പരം മനസ്സിലാക്കിയും കൈകടത്തലുകള്‍ നടത്താതെയുമാണ് ഓരോ ഭരണകൂടവും പ്രവര്‍ത്തിക്കേണ്ടത്.അതില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ ഘടനയുടെ പൊതുവേയുള്ള താളം തെറ്റും. അത് തര്‍ക്കങ്ങള്‍ക്കും പടലപ്പിണക്കങ്ങള്‍ക്കും വഴി വെയ്ക്കും.ഇത്തരമൊരു പ്രതിസന്ധി ഘട്ടം ഉണ്ടാകാതിരിക്കാനാണ് ഒന്നാം അനുച്ഛേദത്തില്‍ തന്നെ ഇന്ത്യ അഥവാ ഭാരതം , സംസ്ഥാനങ്ങള്‍ ചേര്‍ന്ന കേന്ദ്രം എന്ന് വ്യക്തമായിത്തന്നെ എഴുതി വെച്ചിരിക്കുന്നത്.

ഈ ആശയത്തിന്റെ അന്തസത്ത ഭരണാധികാരികള്‍ മനസ്സിലാക്കിയില്ലെങ്കില്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്ക് പരസ്പരമുള്ള വെല്ലുവിളികളും പ്രയാസങ്ങളും നിറഞ്ഞതായിരിക്കും. അത്തരമൊരു അവസ്ഥ സംജാതമാകാതിരിക്കാനുള്ള മുന്നൊരുക്കമെന്ന നിലയില്‍ ഏഴാം പട്ടികയില്‍ പെടുത്തി ഓരോ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടേണ്ട വിഷയങ്ങളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവ കേന്ദ്ര പട്ടിക (Union List ) സംസ്ഥാന പട്ടിക (State List ) ഉഭയ പട്ടിക (Concurrent List ) എന്നിങ്ങനെയാണ്.സംസ്ഥാനങ്ങള്‍ കേന്ദ്രത്തേയും കേന്ദ്രം സംസ്ഥാനങ്ങളേയും ഉള്‍‌ക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാരസ്പര്യമാണ് ഇന്ത്യന്‍ ഫെഡറലിസത്തിന്റെ കാതലെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നു.

തുല്യത മിത്തും യാഥാര്‍ത്ഥ്യവും എന്ന ലേഖനം 14 അനുച്ഛേദത്തില്‍ വ്യവസ്ഥപ്പെടുത്തിയിരിക്കുന്ന തുല്യത എന്ന ആശയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.നിയമത്തിന്റെ മുന്നില്‍ തുല്യത, നിയമത്തിന്റെ മുന്നില്‍ തുല്യ സംരക്ഷണം എന്നതാണ് മറ്റെല്ലാ വിതാനങ്ങളിലും അസന്തുലിത നിലനില്ക്കുമ്പോഴും നാം ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം.

“തരം തിരിക്കപ്പെട്ട തുല്യതയെന്ന തത്ത്വമാണ് ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തറ.1950 ജനുവരി 26 ന് നാം വൈരുധ്യങ്ങളുടേതായ ഒരു ജീവിത ഘട്ടത്തിലേക്ക് പ്രവേശിക്കുവാന്‍ പോകുന്നു.രാഷ്ട്രീയത്തില്‍ നമുക്ക് തുല്യതയുണ്ടാകും. എന്നാല്‍ സാമൂഹിക സാമ്പത്തിക മേഖലകളില്‍ അസമത്വം തുടരും” എന്ന് അംബേദ്കര്‍ ചൂണ്ടിക്കാണിക്കുന്നത് ഇവിടെ ഉദ്ധരിക്കപ്പെടുന്നുണ്ട്. സാമൂഹിക ഘടനയിലെ അസന്തലിതത്വങ്ങളെ അവസാനിപ്പിച്ചെടുത്ത് വേര്‍തിരിവുകളില്ലാതെയാക്കാന്‍ സംവരണമടക്കമുള്ളവ നിര്‍‌ദ്ദേശിക്കപ്പെടുന്നു.അതിനെ സാമ്പത്തിക പിന്നോക്കാവസ്ഥയെ നേരിടാനുള്ള ഉപാധിയെന്ന് വ്യാഖ്യാനിച്ചെടുക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിപരീതമാണ്.

ഭരണ ഘടനയെ മുന്‍നിറുത്തി നിരവധി മനോഹരമായ ആശയങ്ങള്‍ ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.ഓരോ അനുച്ഛേദത്തിനു പിന്നിലും പ്രവര്‍ത്തിക്കുന്ന വിശാലമായ സങ്കല്പങ്ങളെ കാളീശ്വരം രാജ് വിശദീകരിക്കുമ്പോള്‍ അതിന് പുതിയൊരു ഭാവതലത്തെ കൈയ്യെത്തിപ്പിടിക്കാന്‍ കഴിയുന്നുണ്ട്.

ഒന്നില്‍ നിന്ന് തുടങ്ങുമ്പോള്‍ , സ്വാതന്ത്ര്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍, പ്രതികള്‍ക്കുമുണ്ട് മൌലികാവകാശങ്ങള്‍ , കടമകളും പൌരത്വവും , രാഷ്ട്രത്തിന്റെ സ്വപ്നങ്ങള്‍, സംവരണവും സാമൂഹിക നീതിയും തുടങ്ങി നിരവധി വിഷയങ്ങളില്‍ സമഗ്രമായ ഒരുള്‍ക്കാഴ്ച അനുവദിച്ചു തരാന്‍ ഈ ഗ്രന്ഥത്തിന് കഴിയുന്നുണ്ട്.

ഭരണഘടന തന്നെ പ്രതിസന്ധി നേരിട്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരമൊരു പുസ്തകം അവശ്യം വേണ്ടതുതന്നെ. മാതൃഭൂമിയാണ് പ്രസാധകര്‍ , വില 250 രൂപ

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.