Wed. Apr 24th, 2024
#ദിനസരികള്‍ 939

കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞിട്ട് മൂന്നുമാസത്തിലേറെയായിരിക്കുന്നു. ജനാധിപത്യ ഇന്ത്യ ഒന്നടങ്കം ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും തെല്ലുപോലും കൂസാതെ കാശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രസര്‍ക്കാര്‍ വിഭജിച്ചു. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്നുവെങ്കിലും സൈന്യത്തിന്റെ കനത്ത ബന്തവസ്സിലാണ് ജമ്മു കാശ്മീരിലേയും ലഡാക്കിലേയും ജനത കഴിഞ്ഞു കൂടുന്നത്. ഒരവസരം കിട്ടിയാല്‍ പൊട്ടിത്തെറിക്കുന്ന അവസ്ഥയിലാണ് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.അവരുടെ നേതാക്കന്മാരെ കരുതല്‍ തടങ്കലിലാക്കിയും ഇന്‍റര്‍‌നെറ്റും മറ്റും വിച്ഛേദിച്ചും അച്ചടി മാധ്യമങ്ങളെ പ്രവര്‍ത്തിക്കാനനുവദിക്കാതെയും ഒരു തുറന്ന ജയിലില്‍ അടച്ചിട്ടിരിക്കുന്ന ജമ്മുകാശ്മീരിലെ ജനത , ഇന്ത്യയില്‍ പൊതുവേയുണ്ടാക്കുന്ന അസ്വസ്ഥത അത്ര ചെറുതല്ല.

പ്രതിപക്ഷ നേതാക്കളെ ജമ്മു കാശ്മീരിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞ് തിരിച്ചയച്ചത് നാം കണ്ടതാണ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കകത്ത് ഏതൊരു പൗരനും നിര്‍ബാധം സഞ്ചരിക്കാനുള്ള അവകാശം ഭരണഘടനാപരമായിത്തന്നെ സ്ഥാപിക്കപ്പെട്ടതാണെന്നിരിക്കേ രാജ്യത്തിന്റെ എംപിമാരെപ്പോലും അവിടേക്ക് കടത്തിവിടുവാന്‍ കേന്ദ്രം ഭരിക്കുന്നവര്‍ തയ്യാറാകുന്നില്ല.എല്ലാം ശാന്തമെന്നും ജനത അവിടെ സ്വാഭാവികമായും ജീവിച്ചു പോകുകയാണെന്നും അവകാശപ്പെടുമ്പോഴും കാര്യങ്ങള്‍ ശരിയായ വഴിക്കല്ലെന്ന് വ്യക്തമാണ്.

കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത അനുവദിക്കില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടുകളാണ് ഇതുവരെയുള്ള കേന്ദ്രസര്‍ക്കാറുകള്‍ എല്ലാക്കാലത്തും പിന്തുടര്‍ന്നു പോന്നിട്ടുള്ളത്. എന്നാല്‍ നരേന്ദ്രമോഡിയുടെ സര്‍ക്കാറാകട്ടെ ആ നിലപാടില്‍ വെള്ളം ചേര്‍ത്തിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മധ്യസ്ഥത്തിന് ശ്രമിച്ചത് അങ്ങനെയാണ്. അദ്ദേഹം ഒന്നല്ല പലവട്ടം ആവര്‍ത്തിച്ചും കഴിഞ്ഞു. അപ്പോഴൊന്നും രാജ്യത്തിന്റെ നിലപാട് എന്താണെന്ന് കര്‍ശനമായി പറയാതെ ഒരു തരം അഴകൊഴമ്പന്‍ നിലപാടില്‍ കേന്ദ്രം വഴുതിനിന്നു. എന്നാല്‍ അവര്‍ക്ക് പറ്റിയ ഏറ്റവും വിലിയ തെറ്റ് യൂറോപ്യന്‍ യൂണിയന്റെ എംപിമാരെ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതായിരുന്നു.അതോടുകൂടി പ്രശ്നം അന്താരാഷ്ട്രവത്കരിക്കാന്‍ പാകിസ്ഥാന്‍ നടത്തുന്ന നിരന്തര ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന നീക്കമായി ഫലത്തില്‍ അതുമാറി.

രാജ്യത്തിന്റെ വിരുന്നുകാരായി വന്ന ഇരുപത് യൂറോപ്യന്‍ യൂണിയന്‍ എംപിമാരേയും നാം സ്വീകരിച്ചു. പ്രധാനമന്ത്രിയും കൂട്ടരും അവരെ വിരുന്നു നല്കി ആനന്ദിപ്പിച്ചു.ശേഷം കാശ്മീരിലേക്ക് ആനയിച്ചു. കാശ്മീര്‍ ശാന്തമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള അമിതവ്യഗ്രതയായിരുന്നു ഈ ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നത്. എന്നാല്‍ സംഭവിച്ചതോ എംപിമാരുടെ കൂട്ടത്തിലെ ഒരു വലതു പക്ഷ നേതാവ് – ബെര്‍ണാര്‍ഡ് സിംനിയോക്ക് – പോലും മധ്യസ്ഥനായിരിക്കാന്‍ തയ്യാറാണന്ന് പ്രഖ്യാപിക്കുന്ന സാഹചര്യമാണ് സംജാതമായത്. ഏതോ നിഗൂഢ സംഘടനയാണ് ഈ സന്ദര്‍ശനം സംഘടിപ്പിക്കാന്‍ മുന്‍‌കൈ എടുത്തതെന്ന് രാമചന്ദ്ര ഗുഹ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

കാശ്മീരില്‍ നാം കുഴിച്ച കുഴി എന്ന കുറിപ്പ് ഗുഹ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് –“കാശ്മീരിനെ ആഭ്യന്തരവിഷയമാക്കാന്‍ ഓഗസ്റ്റ് അഞ്ചിനും അതിനു ശേഷവും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ ഫലമായി അതൊരു രാജ്യാന്തര പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു.കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ജൂലായ് അവസാനവാരം ട്രംപ് തയ്യാറായത് അദ്ദേഹം വഹിക്കുന്ന പദവിയുടെ പ്രാധാന്യം കൊണ്ടിയിരുന്നു. ലോകത്തെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് ആണവായുധങ്ങള്‍ കൈവശമുള്ള രണ്ട് ദരിദ്രരാജ്യങ്ങളുടെ തര്‍ക്കത്തില്‍ ഇടപെടാന്‍ തനിക്ക് അവകാശമുണ്ടെന്ന് അദ്ദേഹം കരുതുന്നു.പക്ഷേ ഇപ്പോഴിതാ യൂറോപ്പില്‍ നിന്നുള്ള ആര്‍ക്കുമറിയാത്ത ഒരു രാഷ്ട്രീയക്കാരന്‍ പോലും ഇന്ത്യക്കും പാകിസ്താനുമിടയില്‍ സത്യസന്ധനായ ഇടനിലക്കാരനും മധ്യസ്ഥനുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇരന്നു വാങ്ങിയ അടിയാണ് ഇത്.ഇന്ത്യയുടെ വിദേശ കാര്യ നയങ്ങള്‍ ഏതോ ദുരൂഹമായ സര്‍ക്കാറിതര സംഘടനയ്ക്ക് ഔട്ട് സോഴ്സ് ചെയ്താല്‍ ഇങ്ങനെത്തന്നെ സംഭവിയ്ക്കും”

അതായത് പതിയെപ്പതിയെ കാശ്മീരില്‍ ഇന്ത്യയുടെ പിടി അയഞ്ഞു വരുന്നുവെന്നും രാജ്യാന്തരവത്കരിക്കപ്പെട്ട് ഒരു അന്താരാഷ്ട്ര പ്രശ്നമായി മാറുന്നുവെന്നും വേണം മനസ്സിലാക്കാന്‍.ഇനി ഏറെത്താമസിയാതെ മൂന്നാളുകള്‍ ഒരു ടേബിളിനു ചുറ്റുമിരുന്ന് കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതും നമുക്ക് കാണാം. വീരസ്യങ്ങള്‍ക്കപ്പുറം യാതൊന്നും ചെയ്യാന്‍ കഴിയാത്ത എന്നാല്‍ സ്വന്തം ജനതയോട് എന്ത് തെമ്മാടിത്തരവും ചെയ്യാന്‍ മടികാണിക്കാത്ത അടുക്കള വീരന്‍ മാത്രമായി മോഡി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് സംഭവിച്ചു കൊണ്ടിരിക്കുന്നവ വിലയിരുത്തുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്.ഗുഹയെപ്പോലുള്ളവര്‍ അത് ചൂണ്ടിക്കാണിക്കുന്നവര്‍ അധികാരികളാണ് തിരുത്താനുള്ള സന്നദ്ധത പ്രകടിപ്പിക്കേണ്ടത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.