Thu. Apr 25th, 2024
കൊച്ചി:

 
വൈറ്റില മേൽപ്പാലവും മെട്രോ നിർമ്മാണവും മൂലം ദുരിതത്തിലായിരിക്കുകയാണ് ഓട്ടോ തൊഴിലാളികൾ. മേൽപ്പാല നിർമ്മാണത്തിന്റെ ആരംഭം മുതൽ ആരംഭിച്ച ഗതാഗത പരിഷ്കരണംമൂലം കൂടുതൽ ദൂരം അധികമായി സഞ്ചരിക്കേണ്ടിവരുന്നതും റോഡിന്റെ ശോചനീയാവസ്ഥ മൂലം അടിക്കടിയുണ്ടാകുന്ന ബ്ലോക്കുകളും ഓട്ടത്തെ കാര്യമായി ബാധിക്കുന്നുവെന്ന് തൊഴിലാളികൾ വ്യക്തമാക്കി.

മേൽപ്പാല നിർമ്മാണം വേഗത്തിലാക്കുക, റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുക, ഓട്ടോ ചാർജ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെക്കുന്നതെന്ന് വോക്ക് മലയാളത്തോട് തൊഴിലാളികൾ പ്രതികരിച്ചു.

ട്രാഫിക് പരിഷ്കരണം കാരണം ഓട്ടോ കറങ്ങിത്തിരിഞ്ഞു പോകുന്നതുകൊണ്ടു തിരിച്ച് ഓട്ടോ സ്റ്റാൻഡിലേക്ക് എത്തുന്നതിന് റിട്ടേൺ ഓട്ടം കിട്ടാത്തതു കാരണം സാമ്പത്തികം മാത്രമല്ല ഇന്ധന നഷ്ടവും സംഭവിക്കുന്നു. കൂടാതെ, റോഡിലെ കുഴികളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന പൊടിശല്യവും ഓട്ടോയ്ക്കു മാത്രമല്ല ശരീരത്തിനും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

മേൽപ്പാല നിർമ്മാണം ഓട്ടോ തൊഴിലാളികളെ സാരമായിത്തന്നെയാണ് ബാധിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ എത്രയും വേഗത്തിൽ നിർമ്മാണം അവസാനിപ്പിക്കണമെന്നും, ഗതാഗത പരിഷ്കരണം പഴയ രീതിയിലേക്കു തന്നെ മാറ്റണമെന്നും ഓട്ടോ തൊഴിലാളികൾ പറയുന്നു.