നാഗ്‌പൂര്‍:
ഇന്ത്യ -ബംഗ്ലാദേശ് ട്വന്‍റി 20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം ഇന്ന് നടക്കും. ഇന്ന് വെകിട്ട് ഏഴുമുതല്‍ നാഗ്പൂരിലെ വിദര്‍ഭ സ്റ്റേഡിയത്തിലാണ് മത്സരം.
ഡല്‍ഹിയില്‍ നടന്ന ആദ്യമത്സരം ജയിച്ച ബംഗ്ലാദേശും, രാജ്‌കോട്ടിലെ രണ്ടാം മത്സരം ജയിച്ച ഇന്ത്യയും പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ വിജയികള്‍ക്ക് പരമ്പര സ്വന്തമാക്കാം. അതിനാല്‍ ഇന്ത്യയ്ക്ക് ഈ മത്സരം നിര്‍ണായകമാണ്.
പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാത്ത മലയാളി ബാറ്റ്സ്മാന്‍ സഞ്ജു സാംസണിന് ഇന്ന് നടക്കുന്ന മൂന്നാം ട്വന്‍റി 20യിലും അവസരം ലഭിക്കാന്‍ സാധ്യതയില്ല. നിര്‍ണായക മത്സരമായതിനാല്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല.
രോഹിത് ശര്‍മ്മയുടെ ബാറ്റിങ്ങ് കരുത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രാജ്കോട്ടില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് 43 പന്തില്‍ 85 റണ്ണുമായി ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
എന്നാല്‍ ഏറെ റണ്‍സ് വിട്ടുകൊടുക്കുന്ന ഇടംകൈയന്‍ മീഡിയം പേസര്‍ ഖലീല്‍ അഹമ്മദിന്‍റെ മോശം ഫോം ഇന്ത്യക്ക് തലവേദനയാണ്. രണ്ടു മത്സരങ്ങളിലായി 8 ഓവറില്‍ 81 റണ്‍സ് വഴങ്ങിയ ഖലീല്‍ അഹമ്മദിനെ മാറ്റിയേക്കും.പകരം ശാര്‍ദൂല്‍ ഠാക്കൂര്‍ ടീമിലെത്താനാണ് സാധ്യത.