Sat. Apr 20th, 2024
#ദിനസരികള്‍ 936

“വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന്
നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?“ എന്നാണ് ബാബറി മസ്ജിദ് തകര്‍‌ത്ത കേസില്‍ ബഹുമാന്യ സുപ്രിംകോടതയുടെ വിധി പുറപ്പെട്ടു വന്നപാടെ തൃപ്പൂണിത്തുറ എം എല്‍ എ എം സ്വരാജ് ചോദിച്ചത്.

വിധിയെക്കുറിച്ച് നമുക്ക് പറയാനുള്ളതെല്ലാം ആ ഒരൊറ്റ വരിയില്‍ ഒതുക്കിവെച്ചിട്ടുണ്ടായിരുന്നു. കൂടുതല്‍ വിശദീകരണങ്ങളൊന്നുമില്ല.“ഒറ്റ”യാ
“ഇരട്ട”യാണോ എന്നു ചോദിച്ചാല്‍ “ഒരട്ട” എന്നു പറയുന്ന നിഷ്പക്ഷ വൈദഗ്ദ്ധ്യമൊന്നും അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടില്ല. കൃത്യവും വ്യക്തവുമായി കാര്യം പറഞ്ഞു, അത്രതന്നെ.

ഭയം കുലച്ചു നിന്ന ഒരു അന്തരീക്ഷത്തിലാണ് അയോധ്യാ കേസില്‍ ഇന്ത്യയുടെ സുപ്രിംകോടതി വിധിപറഞ്ഞത്. പ്രഖ്യാപിക്കാത്ത ഒരു അടിയന്തിരാവസ്ഥയില്‍ രാജ്യം തണുത്തുനിന്നു. നവമാധ്യമങ്ങളടക്കം മൌനത്തിലായി.

ആരെയൊക്കെയോ ഭയപ്പെടുന്ന അവസ്ഥ. ഏതു നിമിഷവും അറ്റുവീഴാമെന്ന തരത്തില്‍ ഒരു വാള്‍ തലക്കുമുകളില്‍ തൂങ്ങിക്കിടക്കുന്നുവെന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ ആരുംതന്നെ തലയുയര്‍ത്തിപ്പിടിച്ചില്ല. ഉയര്‍ത്തിയ ചിലരാകട്ടെ ധൈര്യപൂര്‍വ്വം രാജാവ് നഗ്നനാണെന്ന സത്യം വിളിച്ചു പറഞ്ഞു. എന്നാല്‍ ചില ന്യായീകരണ വൈതാളികന്മാര്‍ എങ്ങും ഓടി നടന്നു.

വിധി ചരിത്രപരമെന്നും മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ളതെന്നുമൊക്കെ അവര്‍ വാഴ്ത്തു പാട്ടുകള്‍ പാടി. ഇതല്ലാതെ മറ്റൊരു പോംവഴിയും കോടതിയുടെ മുന്നിലുണ്ടായിരുന്നില്ലെന്ന് അവര്‍ താളമിട്ടു. ഉള്ളിലടക്കി നിറുത്തിയിരുന്ന ഇസ്ലാം വിരോധത്തിന്റെ വെളിപ്പെടലുകളായിരുന്നു അത്തരം ന്യായീകരണങ്ങളില്‍ പലതും.

രാജ്യത്തിന്റെ നിലനില്പിന് വേണ്ടി സമവായവും മധ്യസ്ഥവും ഒക്കെയായി മാറിയ ആ വിധിയുടെ പേരില്‍ കോടതി കൈയ്യടി നേടി. എന്നാല്‍ മധ്യസ്ഥമോ സമവായത്തിനോ ഉള്ള ഇടമല്ല കോടതിയെന്നും നിയമവാഴ്ച ഉറപ്പാക്കപ്പെടുമെന്നതിന്റെ അവസാന പ്രതീക്ഷയാണെന്നുമുള്ള വസ്തുത ആരും ഓര്‍‌ത്തെടുക്കാന്‍ മിനക്കെട്ടില്ല. വിജയത്തിന്റെ സോപാനത്തിലേറിയവര്‍ സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും ഓരിയിട്ടു.

നമ്മള്‍ ഇന്ത്യക്കാരാണെന്നും ഹിന്ദുവും മുസ്ലിങ്ങളും ഭായി ഭായിയാണെന്നും അവര്‍ വിളിച്ചു പറഞ്ഞു. രാജ്യം ഒറ്റക്കെട്ടാണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണമെന്ന ആഹ്വാനങ്ങള്‍ വന്നു. ഒരു പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കു മുകളില്‍ കയറി നിന്നു കൊണ്ട് അത് തച്ചുടച്ചു കളഞ്ഞവര്‍ സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും വായൊലിപ്പിച്ചു.

ഞാന്‍ കേട്ട ഏറ്റവും വലിയ അശ്ലീലമായിരുന്നു അത്. രുമണ്വാന്‍മാര്‍ തൃപ്തരായി. അവശിഷ്ടങ്ങള്‍ക്കു മുകളില്‍ അവര്‍ സ്വസ്ഥരായി നിദ്രകൊണ്ടു.
ഇടയില്‍ സൂചിപ്പിക്കട്ടെ. ഇനി കേരളം കാത്തിരിക്കുന്ന ശബരിമല വിധി വരാനിരിക്കുന്നു.

അന്ന് സുപ്രിംകോടതി വിധിക്കെതിരെ ഘോരഘോരം പ്രസംഗിച്ചവരൊക്കെ ഇന്ന് വിനീത വിധേയരായി കോടതി വിധി അംഗീകരിച്ച് നല്ല കുട്ടികളായിരിക്കുന്ന കാഴ്ച നാം കണ്ടല്ലോ. യുവതി പ്രവേശന വിഷയത്തില്‍ സുപ്രിംകോടതിയുടെ വിധി നടപ്പിലാക്കാന്‍ ശ്രമിച്ചതിന് ഏറെ പഴി കേട്ട ഒരു സര്‍ക്കാറാണ് ഇവിടെയുള്ളത്. എനിക്ക് തോന്നുന്നത് ശബരിമല വിധിയിലും ഇപ്പോഴത്തേതു പോലെ കോടതി ഏറെ കൈയ്യടി വാങ്ങുമെന്നു തന്നെയാണ്.

മിക്കവാറും ശബരിമലയുടെ പ്രത്യേകതകളും മറ്റും കണക്കിലെടുത്ത് അത് കേന്ദ്രസര്‍ക്കാറിലേക്കോ അവര്‍ നിശ്ചയിക്കുന്ന ആളുകള്‍ക്കോ കൈമാറ്റം ചെയ്യുന്ന ഒരു വിധി വന്നു കൂടായ്കയില്ല. ആദ്യത്തെ വിധി തിരുത്തി അയ്യപ്പന്റെ അവകാശം സംരക്ഷിക്കാനും ഭരണഘടനയിലെ മൌലികാവകാശം എടുത്തു കളയാനും മതി. അയ്യപ്പന് നീതികിട്ടിയെന്ന് പോസ്റ്റിടുന്ന വിശ്വാസസംരക്ഷകനെ ഞാനിന്നേ കാണുന്നു.

കേവലം ഒരു മിത്തിന്റെ അടിസ്ഥാനത്തില്‍ രാമന്‍ ജനിച്ചത് അയോധ്യയില്‍ ബാബറി മസ്ജിദ് ഇരിക്കുന്ന ഇടത്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞുവെങ്കില്‍ ആചാരാനുഷ്ഠാനങ്ങളേയും മിത്തുകളേയും മുന്‍നിറുത്തി ഇനി എന്തൊക്കെ കഴിയില്ല? എന്തായാലും ഒരു രാജ്യത്തെ നിശബ്ദമാക്കിക്കൊണ്ട് ഭയം ചീറി നില്ക്കുന്നു. തീയുണ്ടകള്‍ക്കു മുന്നില്‍ മാറു കാണിച്ചുകൊടുത്ത് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിത്തന്ന പൂര്‍വ്വ പിതാക്കന്മാരെ മറന്നുകൊണ്ട് നാം പുത്തന്‍ യജമാനന്‍മാരുടെ മുന്നില്‍ വിധേയരായി ലോകത്തെ ഏറ്റവും വലിയ അടിമരാജ്യം അങ്ങനെ ഉടലെടുത്തിരിക്കുന്നു.

ശരി, ഭയം മരവിപ്പിച്ചു കളഞ്ഞ ഒരു നട്ടെല്ലുമായി നമുക്ക് കാത്തിരിക്കാം. ഏതെങ്കിലും കാലത്ത് ഒരു ധീരന്‍ ഈ വഴി വരാതിരിക്കില്ല.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.