Reading Time: 3 minutes
#ദിനസരികള്‍ 937

എന്റെ ഹൈസ്കൂള്‍ കാലങ്ങളിലാണ് ടി എന്‍ ശേഷന്‍ എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്. കേട്ടതാകട്ടെ, ആരേയും കൂസാത്ത ഒരുദ്യോഗസ്ഥന്‍ എന്ന നിലയിലായിരുന്നു താനും. രാജ്യത്തിന്റെ പ്രധാനമന്ത്രിയേയും നിലവിലുള്ള വ്യവസ്ഥിതിയേയും ഒരുദ്യോഗസ്ഥന്‍ വിറപ്പിക്കുന്നുവെന്നോ?

എന്നു മാത്രമല്ല, രാജ്യത്ത് നടന്നു വരുന്ന തിരഞ്ഞെടുപ്പുകളെ അദ്ദേഹം മാറ്റിവെയ്ക്കുന്നു. മത്സരിക്കുന്നതില്‍ നിന്നും ആളുകളെ തടയുന്നു. സര്‍വ്വപ്രതാപിയായ ഈ പുതിയ അവതാരത്തിനു മുന്നില്‍ ഇന്ത്യയിലെ പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവുകള്‍ പഞ്ചപുച്ഛമടക്കി വെറുങ്ങലിച്ചു നില്ക്കുന്നു.

എനിക്ക് അത്ഭുതമായി. അത്ഭുതം വഴിയേ ആദരവായി. തെരഞ്ഞെടുപ്പു കമ്മീഷന്‍ എന്നൊരു തസ്തികയെക്കുറിച്ച് അന്നാളുവരെ കേള്‍ക്കാതിരുന്നവരുടെ മുന്നില്‍ അധികാരത്തിന്റെ അവസാനരൂപമായി ടി എന്‍ ശേഷന്‍ എന്ന മലയാളി തെളിഞ്ഞു നിന്നു.

1990 ഡിസംബര്‍ പന്ത്രണ്ടിനാണ് ശേഷന്‍ തിരഞ്ഞെടുപ്പു കമ്മീഷണറായി നിയമിതനാകുന്നത്. അതുവരെ അപ്രധാനമായ ഒരു തസ്തികയില്‍ കഴിഞ്ഞു കൂടിയിരുന്ന അദ്ദേഹം കമ്മീഷണറായി ചുമതലയേറ്റതോടെ ഇന്ത്യയുടെ തന്നെ ഭാഗധേയം മാറി മറിഞ്ഞു. കടുത്തതും കര്‍ക്കശവുമായ നടപടികളിലൂടെ അദ്ദേഹം വിഖ്യാതനായി.

അഴിമതിയുടെ കറപുരളാത്തയാള്‍ എന്നൊരു പരിവേഷം അദ്ദേഹത്തെ ചൂഴ്ന്നു നിന്നിരുന്നത് ഇന്ത്യയില്‍ സാധാരണക്കാരായ അനേകായിരം ആളുകള്‍ അദ്ദേഹത്തിലേക്ക് ആകര്‍ഷിപ്പെടാന്‍ കാരണമായി. സ്വതവേ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ പേക്കൂത്തുകള്‍ തടയാന്‍ ശക്തിയുള്ള ഒരാളായിട്ടാണ് അവരില്‍ പലരും ശേഷനെക്കുറിച്ച് ചിന്തിച്ചത്.
ശേഷന്‍ കമ്മീഷണറായതോടെ രാജ്യത്തെ തിരഞ്ഞെടുപ്പു രംഗം നാളിതുവരെ കാണാത്ത പരിഷ്കാരങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

ജനാധിപത്യപ്രക്രിയ കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെ ശേഷന്‍ നടത്തിയ നീക്കങ്ങള്‍ പലതും രാജ്യം ഭരിക്കുന്നവരോടുള്ള വെല്ലുവിളി കൂടിയായി. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പു കമ്മീഷന്റെ അധികാരത്തില്‍ കൈകടത്താന്‍ അദ്ദേഹം ആരേയും അനുവദിച്ചില്ല. പ്രധാനമന്ത്രി നരസിംഹറാവുവിനോടുപോലും ഇടയേണ്ടി വന്ന സാഹചര്യമുണ്ടായപ്പോഴും ശേഷന്‍ അക്ഷോഭ്യനായിരുന്നു.

പ്രണാബ് മുഖര്‍ജി രാജ്യസഭയിലേക്ക് എത്തേണ്ടിയിരുന്ന ഒരു തിരഞ്ഞെടുപ്പു നീട്ടി വെച്ചതോടെ ശേഷന് മൂക്കുകയറിടാന്‍ റാവു തീരുമാനിച്ചു. രണ്ടു കമ്മീഷണര്‍‌മാരെക്കൂടി ശേഷന് ഇടത്തും വലത്തുമായി നിയമിച്ചുകൊണ്ടാണ് റാവു പ്രതികരിച്ചത്. ആ തീരുമാനത്തെ ശേഷന്‍ കോടതിയില്‍ ചോദ്യം ചെയ്തുവെങ്കിലും പരാജയപ്പെട്ടുവെന്ന് മാത്രമല്ല, മൂന്നു പേരും കൂടിയാലോചിച്ച് ഭൂരിപക്ഷമനുസരിച്ച് തീരുമാനമെടുക്കണമെന്ന നിര്‍‌ദ്ദേശവും കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായി.

ഒരുദ്യോഗസ്ഥന്‍ ഇന്ത്യപോലെയുള്ള ഒരു ജനാധപത്യ രാജ്യത്ത് ഇത്രമാത്രം അപ്രമാദിത്വം പ്രകടിപ്പിക്കാമോ എന്ന സംശയമുണ്ടാകുക സ്വാഭാവികമാണ്. കാരണം രാജ്യം നയിക്കപ്പെടേണ്ടതും ഭരിക്കപ്പെടേണ്ടതും തിരഞ്ഞെടുക്കപ്പെട്ട സമിതികള്‍ മുഖാന്തിരമാകണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. അതിനു വിരുദ്ധമായി സംഭവിക്കുന്ന ആശാസ്യമല്ല.

അതുകൊണ്ടായിരിക്കണം ശേഷനെ ഇംപീച്ച് ചെയ്യണമെന്ന് രാജ്യത്തെ വിവിധ രാഷ്ട്രീയ കക്ഷികളുടേയും വ്യക്തികളുടേയും ആവശ്യത്തിന് ഒരു ഘട്ടത്തില്‍ ഭരിക്കുന്ന കോണ്‍ഗ്രസു പാര്‍ട്ടിയും വഴങ്ങിയത്. എന്നാല്‍ അത്തരമൊരു നിലപാടു സ്വീകരിക്കുന്നതില്‍ നിന്നും അവസാനം അവര്‍ പിന്മാറിയത് കാരണം ശേഷന് ഇംപീച്ച്മെന്റെ നേരിടേണ്ടിവന്നില്ലെന്ന് മാത്രം. ശേഷന്റെ അസാമാന്യമായ വ്യക്തിപ്രഭാവം രാഷ്ട്രീയ നേതാക്കളിലടക്കം അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.

പലപ്പോഴും ശേഷന്‍ ഒരു ബ്യൂറോക്രാറ്റ് എന്ന നിലയില്‍ പാലിക്കേണ്ട മര്യാദകളില്‍ പാലിച്ചില്ലെന്ന വിമര്‍ശനത്തില്‍, പക്ഷേ കഴമ്പുണ്ട്. എന്നാല്‍ അദ്ദേഹം തിരഞ്ഞെടുപ്പു രംഗത്ത് വരുത്തിയ മാറ്റങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും കൂടുതല്‍ സുതാര്യമാക്കുവാനും സഹായിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല.

തിരഞ്ഞെടുപ്പു നിരീക്ഷകന്മാരെ നിയോഗിച്ചും ചെലവുകള്‍ നിജപ്പെടുത്തിയും വരവുകളുടെ കണക്കുകള്‍ കൃത്യമാക്കിയും പെരുമാറ്റച്ചട്ടം കര്‍ശനമാക്കിയും ജാതിമതാദികളുടെ ഇടപെടലുകള്‍ അവസാനിപ്പിച്ചും യോഗങ്ങള്‍ക്കു സമയം നിശ്ചയിച്ചുമൊക്കെ അദ്ദേഹം തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിച്ചു.

ഇലക്ഷന്‍ ഐഡി കാര്‍ഡ് 1995 നു മുമ്പ് ഓരോ പൌരനും വിതരണം ചെയ്തില്ലെങ്കില്‍ ഇനി ഇന്ത്യയില്‍ ഒരു തിരഞ്ഞെടുപ്പും നടക്കില്ലെന്ന് ശേഷന്‍ പ്രഖ്യാപിച്ചത് വലിയ കോളിളക്കമുണ്ടാക്കി. സുപ്രിംകോടതി ഇവിടേയും സര്‍ക്കാറിനെ സഹായിച്ചുവെങ്കിലും 1996 ല്‍ എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യപ്പെട്ടത് ശേഷന്റെ നിലപാടുകളുടെ ഫലമായിട്ടായിരുന്നു. ഇവയെല്ലാം തന്നെ തിരഞ്ഞെടുപ്പുകളെ മാറ്റിമറിയ്ക്കാനും കുറ്റമറ്റതാക്കാനും കള്ളവോട്ടുകളെ തടയാനും സഹായിക്കുന്നതായി.

ശേഷന് ചിലപ്പോഴെങ്കിലും പിഴച്ചിട്ടുണ്ടാകാം. അമിതാധികാര പ്രവണത പ്രകടിപ്പിച്ചിട്ടുണ്ടാകാം. എന്നാല്‍ എടുത്ത നിലപാടുകളിലൊന്നും അഴിമതിയുടെയോ സ്വജനപക്ഷപാതത്തിന്റെയോ കറ പുരണ്ടിരുന്നില്ലെന്ന കാര്യം സുവ്യക്തമാണ്. വ്യവസ്ഥ കുറ്റമറ്റതായിത്തീരണം എന്നൊരു പിടിവാശിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

അദ്ദേഹത്തെക്കുറിച്ചുള്ള അത്തരം വിമര്‍ശനങ്ങളൊക്കെ അംഗീകരിക്കുമ്പോള്‍ തന്നെ ഇന്നത്തെ കമ്മീഷണര്‍മാരുമായി ശേഷനെ ഒരു താരതമ്യപ്പെടുത്തുക. ഭരണത്തിലിരിക്കുന്നവര്‍ക്കുവേണ്ടി എന്തു നെറികേടും ചെയ്യാന്‍ മടിയില്ലാത്തവരുടെ ഒരു കൂട്ടമായി ഇന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ മാറിക്കഴിഞ്ഞുവെന്ന് വ്യക്തമായിരിക്കുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതാക്കന്മാര്‍ നടത്തിയ ക്രമക്കേടുകള്‍‌‍ക്കെതിരെ കണ്ണടച്ചുകൊണ്ട് അവര്‍ കാണിച്ചു കൂട്ടിയത് ഒരു ജനാധിപത്യ രാജ്യത്തിന് കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തിയായിരുന്നു.

ഇത്തരം ഉദ്യോഗസ്ഥന്മാരാണ് ശേഷനെപ്പോലെയുള്ളവരുടെ മഹത്വം, എത്ര അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇന്നലെ അദ്ദേഹം ചെന്നൈയിലെ തന്റെ വീട്ടില്‍ എണ്‍പത്തിയേഴാമത്തെ വയസ്സില്‍ അന്തരിച്ചതോടെ ഒരിതിഹാസമാണ് വേര്‍പിരിഞ്ഞത്. വിട, ശ്രീ ടി എന്‍ ശേഷന്‍.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Advertisement