Wed. Jan 22nd, 2025
സൗദി അറേബ്യ:

 
സൗദി അറേബ്യയുടെ വൻകിട എണ്ണ കമ്പനിയായ അരാംകോ ഓഹരിവിൽപനയ്ക്കു തയ്യാറാകുന്നു. ഈ മാസം ഒൻപതിനാണ് പ്രഥമ ഓഹരി വിൽപ്പന.

ഏറെകാലമായി വിപണി കാത്തിരുന്ന പ്രഖ്യാപനമാണ് ഞായറാഴ്ച പുറത്തുവന്നത്. ലോകത്തിലെ ഏറ്റവും ലാഭമുള്ള കമ്പനിയുടെ രണ്ടു ശതമാനം ഓഹരിക്ക് ഇരുപതു ബില്യണ്‍ ഡോളറാണ് മൂല്യം.

അരാംകോയുടെ  ഓഹരികൾ പൊതുജനങ്ങൾക്ക് വാങ്ങാനും വിൽക്കാനും കഴിയും വിധം വിപണിയിലെത്തുന്നുവെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ ഞായറാഴ്ച സൗദി ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

സൗദി സ്റ്റോക്ക് മാർക്കറ്റായ ‘തദാവുൽ’ മുഖേനെ ആഭ്യന്തര വിപണിയിലാണ് വിൽപനയെങ്കിലും മുഴുവൻ സ്വദേശി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന ചില വിദേശികൾക്കും ഓഹരികൾ സ്വന്തമാക്കാൻ കഴിയുമെന്ന് അരാംകോ വൃത്തങ്ങൾ അറിയിച്ചു.

അരാംകോയുടെ അഞ്ച് ശതമാനം ഓഹരിയാണ് വിപണിയില്‍ ലഭിക്കുക. ഈ വർഷം അവസാനത്തോടെ ഒരു ശതമാനവും അടുത്തവർഷം അവസാനത്തോടെ രണ്ടു ശതമാനവും ഓഹരി വിൽപ്പനയ്ക്കു വയ്ക്കും.

അടുത്ത രണ്ടു വർഷങ്ങളിലായി മൂന്നു ശതമാനം ഓഹരി വിദേശകമ്പനികൾക്കു വാങ്ങാൻ അവസരം നൽകും. ഇതിലൂടെ 4000 കോടി ഡോളര്‍ സമാഹരിക്കുകയാണ് സൗദിയുടെ ലക്ഷ്യം.

രാജ്യത്തെ സമ്പദ്‌ഘടനയുടെ വൈവിധ്യവത്കരണം എന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിഭാവനം ചെയ്യുന്ന ദേശീയ പരിവർത്തന പദ്ധതി ’വിഷൻ 2030’ന്‍റെ ഭാഗമായാണ് അരാംകോ ഓഹരി വിറ്റഴിക്കൽ.

 

 

By Binsha Das

Digital Journalist at Woke Malayalam