Fri. Mar 29th, 2024
 ന്യൂയോര്‍ക്ക്:

പ്രമുഖ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്‍റ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്സിന്‍റെ സിഇഒ സ്ഥാനത്ത് നിന്ന് സ്റ്റീവ് ഈസ്റ്റര്‍ ബ്രൂക്കിനെ പുറത്താക്കി. കീഴ്ജീവനക്കാരില്‍ ഒരാളുമായി അടുത്തബന്ധം പുലര്‍ത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ബ്രൂക്കിനെ പുറത്താക്കാന്‍ കമ്പനി തീരുമാനിച്ചത്.

കമ്പനിയിലെ മാനേജര്‍മാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും, കീഴ്ജീവനക്കാരുമായി നേരിട്ടോ അല്ലാതയോ പ്രണയബന്ധങ്ങളിലോ മറ്റുരഹസ്യബന്ധങ്ങളിലോ ഏര്‍പ്പെടുന്നത് കമ്പനി വിലക്കിയിട്ടുണ്ട്. ഈ നിയമം ലംഘിച്ചതിനാണ് സ്റ്റീവ് ഈസ്റ്റര്‍ ബ്രൂക്കിനെതിരെ നടപടി സ്വീകരിക്കാന്‍ മക്‌ഡൊണാള്‍ഡ്‌സ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്.

വിടവാങ്ങുന്നതിന് മുന്നോടിയായി കമ്പനിയിലെ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ സ്റ്റീവ് ഈസ്റ്റര്‍ ബ്രൂക്ക് തനിക്ക് ഒരു തൊഴിലാളിയുമായി വളരെ അടുത്തബന്ധമുണ്ടായെന്ന് സമ്മതിച്ചു. ഇത് തെറ്റായിപ്പോയെന്നും കമ്പനി ബോര്‍ഡിന്‍റെ  തീരുമാനത്തോട് യോജിക്കുന്നതായും, ഇവിടെനിന്ന് പോകാനുള്ള സമയമിതാണെന്നും അദ്ദേഹം ഇ-മെയിലില്‍ കുറിച്ചു.

സിഇഒ സ്ഥാനത്തുനിന്ന് നീക്കിയതിന് പുറമേ കമ്പനി ബോര്‍ഡില്‍നിന്നും ബ്രൂക്ക് ഒഴിവാകുമെന്നും മക്‌ഡൊണാള്‍ഡ്‌സ് വക്താവ് വ്യക്തമാക്കി. കമ്പനി വിടുമ്പോള്‍ സ്റ്റീവിന് നല്‍കേണ്ട പ്രത്യേക പാക്കേജ് എന്താണെന്ന് കമ്പനി തിങ്കളാഴ്ച അറിയിക്കും.

2015 മുതലാണ്, ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്‍റ് ശൃംഖലകളിലൊന്നായ മക്‌ഡൊണാള്‍ഡ്‌സിന്‍റെ സിഇഒ ആയി സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക് സ്ഥാനമേറ്റത്.

കമ്പനിയിലെ ഏത് തൊഴിലാളിയുമായാണ് സിഇഒ അടുത്തബന്ധം പുലര്‍ത്തിയതെന്ന വിവരം മക്‌ഡൊണാള്‍ഡ്‌സ് പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിലവില്‍ മക്‌ഡൊണാള്‍ഡ്‌സ് യുഎസ്എ യുടെ പ്രസിഡന്‍റ്, ക്രിസ് കെംപ്‌സിന്‍സ്‌കിയായിരിക്കും കമ്പനിയുടെ പുതിയ സിഇഒ.